സിപിഎമ്മില്‍ പോര് മുറുകുന്നു; ‘പ്രതാപകാലത്ത് നേതാക്കളെ കെസിആര്‍ വെട്ടിനിരത്തി’, വാളെടുത്തവന്‍ വാളാലേ എന്ന് പ്രകാശ് ബാബു

പത്തനംതിട്ട സിപിഎമ്മിലെ ഗ്രൂപ്പുപോര് സകല സീമകളും ലംഘിച്ച് മുന്നേറുന്നു. മുന്‍ എംഎല്‍എയും ജില്ലയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളുമായ കെസി രാജഗോപാലന്‍ പ്രാദേശിക നേതാക്കള്‍ക്കെതിരെ വാര്‍ത്താസമ്മേളനം വിളിച്ച് പ്രതിഷേധിച്ചതാണ് രംഗം വഷളാക്കിയത്. പിന്നാലെ ജില്ലയിലെ മറ്റ് നേതാക്കളും കെസിആറിന് എതിരെ രംഗത്ത് വന്നു. പാര്‍ട്ടിയില്‍ സര്‍വപ്രതാപി ആയിരുന്ന കാലത്ത് നിരവധി പേരെ വെട്ടിയരിഞ്ഞ നേതാവാണ് കെസിആര്‍. കര്‍മ്മഫലം ഇപ്പോള്‍ അനുഭവിക്കുന്നു എന്നാണ് ഡിവൈഎഫ്‌ഐയുടെ മുന്‍ സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ.കെ പ്രകാശ് ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

2011ല്‍ ആറന്‍മുളയില്‍ നിന്ന് സിപിഎം ടിക്കറ്റില്‍ എംഎല്‍എ ആയ കെസി രാജഗോപാലന്‍ ഇത്തവണ മെഴുവേലി പഞ്ചായത്തിലെ എട്ടാംവാര്‍ഡില്‍ നിന്ന് മത്സരിച്ചിരുന്നു. കഴിഞ്ഞതവണ 92 വോട്ടിന് എല്‍ഡിഎഫ് ജയിച്ച ഇവിടെ ഇത്തവണ കെസിആറിന് കിട്ടിയത് വെറും 28 വോട്ടിന്റെ ഭൂരിപക്ഷമാണ്. മെഴുവേലി പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണവും നഷ്ടമായി. ഇതിനുപിന്നാലെയാണ് രൂക്ഷവിമര്‍ശനവുമായി കെസിആര്‍ രംഗത്തെത്തിയത്. സിപിഎം കോഴഞ്ചേരി ഏരിയ കമ്മറ്റി സെക്രട്ടറി ടിവി സ്റ്റാലിന്‍ തന്നെ തോല്‍പ്പിക്കാന്‍ പരസ്യമായി രംഗത്തിറങ്ങി എന്ന ഗുരുതര ആരോപണമാണ് പത്രസമ്മേളനം വിളിച്ചുകൂട്ടി പറഞ്ഞത്. നേതാവിനെ സുഖിപ്പിക്കല്‍ എന്നതാണ് ഇപ്പോള്‍ പാര്‍ട്ടിയിലെ ശൈലിയെന്നും കോഴഞ്ചേരി ഏരിയ സെക്രട്ടറിക്കെതിരെ പാര്‍ട്ടി നേതൃത്വത്തിന് പരാതിനല്‍കുമെന്നും രാജഗോപാലന്‍ പറഞ്ഞു.


“ഞാന്‍ നല്ല ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതാണ്. എന്നെ തോല്‍പ്പിക്കാന്‍ പല ബാഹ്യകക്ഷികളും ഇടപെട്ടു. 2024 ഡിസംബര്‍ 30ന് നടന്ന സമ്മേളനത്തില്‍ എന്നെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. അന്ന് ഏരിയ സെക്രട്ടറിയുടെ മകനടക്കമുള്ള സിപിഎമ്മുകാര്‍ പടക്കം പൊട്ടിച്ചു. മെഴുവേലി പഞ്ചായത്തില്‍ പരാജയപ്പെട്ടപ്പോഴും അതേ ആള്‍ക്കാര്‍ പടക്കം പൊട്ടിച്ചു. പാലം വലിച്ചത് പാര്‍ട്ടിക്കാര്‍ തന്നെയാണ്. ഉന്നതനേതൃത്വത്തില്‍ നിന്നുള്ള ഇടപെടല്‍ ഉള്‍പ്പെടെയുണ്ട്. ഏരിയ സെക്രട്ടറിയെ അടക്കം ഇക്കാര്യത്തില്‍ സംശയിക്കുന്നു. ഏരിയ സെക്രട്ടറിക്ക് ഒരു കെല്‍പും പ്രാപ്തിയുമില്ല. ഇപ്പോള്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ ഒരു ശൈലിയെന്ന് പറയുന്നത് നേതാവിനെ സുഖിപ്പിച്ചാല്‍ മതി എന്നതാണ്. ജനങ്ങളുമായിട്ട് ഒരു ബന്ധവുമില്ലാതെ മേല്‍ക്കമ്മറ്റി നേതാക്കളെ സുഖിപ്പിക്കലാണ് ഏരിയ സെക്രട്ടറിയുടെ പണി” -കെസിആര്‍ തുറന്നടിച്ചു.

സംഘടനാ തത്വങ്ങള്‍ക്ക് എതിരാണ് കെസിആറിന്റെ ഈ നടപടിയെന്ന് എരിയ സെക്രട്ടറി സ്റ്റാലിന്‍ പ്രതികരിച്ചിരുന്നു. കെസിആര്‍- സ്റ്റാലിന്‍ പോരിന് പിന്നാലെയാണ് തിരുവല്ലയിലെ സിപിഎം നേതാവും ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന നേതാവുമായ പ്രകാശ് ബാബുവിന്റെ വിമര്‍ശനം. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത കൊടുമ്പിരി കൊണ്ടുനിന്ന കാലത്ത് വിഎസ് പക്ഷത്തിന്റെ ജില്ലയിലെ പ്രമാണിയായിരുന്ന കെസിആര്‍, തന്നെ വെട്ടിനിരത്തി നാടുകടത്തിയ ആളാണ് എന്നാണ് പ്രകാശ് ബാബു ഫെയ്സ്ബുക്കിൽ കുറിച്ചത്.

“പാര്‍ട്ടിയില്‍ ചോദ്യം ചെയ്യാനാവാത്ത നേതാവായി ജില്ലയിലെ അതികായനായിരുന്ന അങ്ങയുടെ അശ്വമേധകാലം മറന്നുപോകരുത്. പാര്‍ട്ടിയിലെ ഗ്രൂപ്പാധിപത്യ കാലത്ത് വിഎസ് അച്യുതാനന്ദന്റെ സമ്പൂര്‍ണ്ണ ആശിര്‍വാദത്തോടെ വിരാജിച്ച അങ്ങയുടെ കൈകള്‍ കൊണ്ട് രാഷ്ട്രീയ ശിരച്ഛേദം നടത്തിയ അനേകരില്‍ ഒരാള്‍ ഞാനും കൂടെയാണ്. യുവജനപ്രസ്ഥാനത്തിന്റെ സംസ്ഥാന നേതാവായിരുന്ന എന്നെ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടപ്പോള്‍ തരംതാഴ്തി മല്ലപ്പള്ളിയിലേക്ക് നാടുകടത്തി. പിന്നീടു നടന്ന സമ്മേളനത്തില്‍ ഏരിയ കമ്മറ്റിയിലും, ജില്ലാ സമ്മേളന പ്രതിനിധിയായും, പിന്നീട് പകരം പ്രതിനിധിയായി പോലും തോല്‍പ്പിച്ചു. പിന്നീട് സാധാരണ അംഗമായി തിരികെ തിരുവല്ലായിലേക്ക് തിരിച്ചയച്ച് താഴെ ബ്രാഞ്ചില്‍ നിന്നു പോലും തിരഞ്ഞെടുക്കാതിരിക്കാന്‍ നിര്‍ദ്ദേശം കൊടുത്തതും, പുറത്തു നിന്നും മല്‍സരിച്ച് ഞാന്‍ എസി അംഗമായതും പിന്നീട് അവിടെ തോല്‍പ്പിച്ചതും ജില്ലാ സമ്മേളനത്തില്‍ പോലും പങ്കെടുപ്പിക്കാതെ പുറത്തുനിന്നും രണ്ടുതവണ മത്സരിച്ചു ജയിച്ചതും താങ്കളെ ജില്ലയില്‍ പരാജയപ്പെടുത്തിയതും ഒക്കെ ഓര്‍മ്മകളിലുണ്ടാവുമല്ലോ. അനര്‍ഹര്‍ക്ക് താല്‍ക്കാലിക ലാഭത്തിനു വേണ്ടി അവസരങ്ങള്‍ നല്‍കിയതിന്റെ അനന്തരഫലം കൂടിയാണ് താങ്കള്‍ നേരിടുന്നത്. പാര്‍ട്ടിയുടെ സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ കുറവുകള്‍ പാര്‍ട്ടി പരിഹരിക്കട്ടെ. അതവര്‍ക്ക് വിട്ടുകൊടുക്കൂ. മലര്‍ന്നു കിടന്ന് തുപ്പാതിരിക്കുക. ശത്രുക്കളുടെ ആയുധമാകാതിരിക്കുക” എന്നിങ്ങനെയുള്ള മുന്നറിയിപ്പോടെയാണ് പ്രകാശ് ബാബു കുറിപ്പ് അവസാനിപ്പിക്കുന്നത്.

ജീവിതകാലം മുഴുവന്‍ പാര്‍ട്ടിക്കുവേണ്ടി ചെലവഴിച്ച 75കാരനായ കെസിആര്‍ നിലവില്‍ പാര്‍ട്ടിയില്‍ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലാണ്. വിഭാഗീയത അവസാനിച്ചു എന്ന് പറയുമ്പോഴും അതിന്റെ അലയൊലികൾ സിപിഎമ്മില്‍ അവിടേയും ഇവിടേയും ഉയരുന്നു എന്നതാണ് ശ്രദ്ധേയം. തദ്ദേശ തിരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് പലയിടത്തും ഇത്തരം അതൃപ്തികൾ ഉരുണ്ടുകൂടുന്നുണ്ട് എന്നത് പാർട്ടി നേതൃത്വം തിരിച്ചറിയുന്നുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top