നമ്മള്‍ എന്തുകൊണ്ട് തോറ്റു; ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി യോഗം ഇന്ന്; സിപിഎം വിമര്‍ശിക്കപ്പെടാം

തദ്ദേശ തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടി ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് യോഗം ഇന്ന് ചേരും. സിപിഎമ്മിന്റെ വീഴ്ചകളാണ് പരാജയത്തിന് കാരണം എന്ന അഭിപ്രായം മുന്നണിക്കുള്ളില്‍ ഉണ്ട്. ഇത് യോഗത്തില്‍ ഉന്നയിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കൊപ്പം ഭരണവിരുദ്ധ വികാരവും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നാണ് സിപിഐയുടെ വിലയിരുത്തല്‍. ഒപ്പം മുഖ്യമന്ത്രിയുടെ ശൈലിക്ക് എതിരേയും സിപിഐക്ക് എതിര്‍പ്പുണ്ട്. ഇത് സിപിഐ തുറന്നു പറയാനാണ് സാധ്യത.
തോല്‍വിക്ക് കാരണം ഭരണവിരുദ്ധ വികാരം അല്ലെന്നാണ് സിപിഎം വിലയിരുത്തല്‍. ഭരണം മികച്ചതാണെന്നും പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനം തൃപ്തരെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്ത ശേഷം കണ്ടെത്തി. എന്നാല്‍ ഇത് മുന്നണിയിലെ എത്ര കക്ഷികള്‍ അംഗീകരിക്കും എന്ന് കണ്ടറിയണം. പ്രത്യേകിച്ചും വലിയ തിരിച്ചടി നേരിട്ട കേരള കോണ്‍ഗ്രസ് എം. പാലയില്‍ പോലും ഭരണം നഷ്ടപ്പെട്ട അവസ്ഥയിലാണ് ജോസ് കെ മാണിയും കൂട്ടരും.
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ തിരുത്തലുകള്‍ വേഗത്തില്‍ വേണം എന്ന അഭിപ്രായം ശക്തമാണ്. ബിജെപിയുടെ പ്രകടനത്തില്‍ ജാഗ്രത വേണം. പ്രത്യേകിച്ചും തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഭരണം നഷ്ടമായതില്‍. ഇത് നിയമസഭയിലും ആവര്‍ത്തിച്ചാല്‍ മൂന്നാം പിണറായി സര്‍ക്കാര്‍ ഒരിക്കലും നടക്കാത്ത സ്വപ്‌നമാകും എന്നാണ് ഘടകക്ഷികളുടെ നിലപാട്. വലിയ തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ സിപിഎം വല്ല്യേട്ടന്‍ കളി അവസാനിപ്പിച്ച് ഈ അഭിപ്രായങ്ങള്‍ ക്ഷമയോടെ കേള്‍ക്കാനാണ് സാധ്യത.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here