സിപിഎമ്മിനെ ഞെട്ടിച്ച ശക്തികേന്ദ്രം ‘മട്ടന്നൂര്‍’; ഈ മുന്‍സിപ്പാലിറ്റി ഒഴിച്ചുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിൻ്റെ കാരണം അറിയാം

കേരളത്തില്‍ ആകെയുള്ളത് 1200 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. എന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷ്ണര്‍ ഇന്ന് രണ്ടുഘട്ടമായി വോട്ടെടുപ്പ് പ്രഖ്യാപിച്ചത് 1199 സ്ഥാപനങ്ങളിലേക്ക് മാത്രമാണ്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റിയെ ഒഴിവാക്കി ആയിരുന്നു തിരഞ്ഞെടുപ്പ് പ്രഖ്യാപനം. ഇതിനു കാരണം പഴയ ഒരു രാഷ്ട്രീയ തീരുമാനവും പിന്നാലെ നടന്ന നിയമപോരാട്ടവും ആണ്.
1990ല്‍ ഇകെ നയനാർ നേതൃത്വം നൽകിയ എല്‍ഡിഎഫ് സര്‍ക്കാരാണ് മട്ടന്നൂര്‍ പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയാക്കി ഉയര്‍ത്തിയത്. എന്നാല്‍ 1991ല്‍ അധികാരത്തില്‍ വന്ന കെ കരുണാകരന്‍ സര്‍ക്കാര്‍ ഈ തീരുമാനം റദ്ദ് ചെയ്തു. ഇതോടെ വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം തുടങ്ങി. സിപിഎമ്മിന്റെ നേതൃത്വത്തിലായിരുന്നു കോടതിയെ സമീപിച്ചത്. വര്‍ഷങ്ങളോളം കോടതി വ്യവഹാരങ്ങള്‍ നടന്നെങ്കിലും തീരുമാനം ഉണ്ടായത് 1996ല്‍ സിപിഎം വീണ്ടും അധികാരത്തില്‍ എത്തിയപ്പോഴായിരുന്നു. സിപിഎം സര്‍ക്കാര്‍ രാഷ്ട്രീയ തീരുമാനം എടുത്തതോടെ മട്ടന്നൂരില്‍ 1997ല്‍ ആദ്യ തിരഞ്ഞെടുപ്പ് നടന്നു.
അഞ്ച് വര്‍ഷമാണ് ഒരു ഭരണസമിതിയുടെ കാലാവധി. ഇതുപാലിച്ച് തിരഞ്ഞെടുപ്പ് നടത്തുമ്പോള്‍ മറ്റ് തദ്ദേശ സ്ഥാാപനങ്ങള്‍ക്കൊപ്പം മട്ടന്നൂരില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയില്ല. അതുകൊണ്ട് മട്ടന്നൂരില്‍ മാത്രം പിന്നീട് തിരഞ്ഞെടുപ്പ് നടക്കും. 2022 ലാണ് മട്ടന്നൂരില്‍ അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. അതുകൊണ്ട് തന്നെ 2027വരെ ഭരണസമിതിക്ക് കാലാവധിയുണ്ട്.
മട്ടന്നൂര്‍ മുന്‍സിപ്പാലിറ്റി ഇതുവരേയും ഭരിക്കുന്നത് സിപിഎമ്മാണ്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശക്തി കേന്ദ്രം സിപിഎമ്മിനെ ഒന്ന് ഞെട്ടിച്ചിരുന്നു. 35 വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 21 സീറ്റുകള്‍ നേടി എല്‍ഡിഎഫ് അധികാരത്തില്‍ എത്തി. യുഡിഎഫ് 14 സീറ്റുകള്‍ നേടി വന്‍മുന്നേറ്റം നടത്തി. 28 സീറ്റില്‍ നിന്നാണ് എല്‍ഡിഎഫ് 21ലേക്ക് വീണത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here