1000ലധികം ‘ജെന്‍സി’ പിള്ളേര്‍ തദ്ദേശത്തില്‍ മാറ്റുരയ്ക്കുന്നു; സ്ഥാനാര്‍ത്ഥികളില്‍ 52 ശതമാനം സ്ത്രീകള്‍

സംസ്ഥാനത്ത് ആദ്യമായി ആയിരത്തിലധികം ‘ജെന്‍സി’ സ്ഥാനാര്‍ത്ഥികള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്നു. 25 വയസില്‍ താഴെ പ്രായമുള്ള 1183 സ്ഥാനാര്‍ ത്ഥികളാണ് ഇത്തവണ കളത്തിലിറങ്ങിയിരിക്കുന്നത്. 917 യുവതികളും 266 യുവാക്കളുമാണ് വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായമായ 21 വയസ് മാത്രമുള്ള 149 പേരാണ് ത്രിതല പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ജനഹിതം തേടുന്നത്. ഇവരില്‍ 130 പേര്‍ വനിതകളും 19 പേര്‍ പുരുഷന്മാരുമാണ്.

എസ്എഫ്‌ഐ, കെഎസ്‌യു, എബിവിപി, എംഎസ്എഫ്, എഐഎസ്എഫ് തുടങ്ങി എല്ലാ വിദ്യാര്‍ത്ഥി സംഘടനകളില്‍പ്പെട്ടവരും തദ്ദേശത്തില്‍ പോരാട്ടരംഗത്തുണ്ട്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ പതിവില്ലാതെ വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് അവസരം കൊടുത്തിട്ടുണ്ട് എന്നത് ശ്രദ്ധേയമായ മാറ്റമായി വിലയിരുത്തപ്പെടുന്നു. രണ്ടിടത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ക്ക് സീറ്റ് നല്‍കി കോണ്‍ഗ്രസ് പുതിയ തുടക്കം കുറിച്ചു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പോത്തന്‍കോട് ഡിവിഷനില്‍ അമേയ പ്രസാദിനെ ട്രാന്‍സ്‌ജെണ്ടറായിട്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ രേഖപ്പെടുത്തിയിരിക്കന്നത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാര്‍ ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ട്രാന്‍സ് വുമണ്‍ അരുണിമ എം കുറുപ്പിനെ സ്ത്രീ എന്നാണ് രേഖപ്പെടുത്തിയത്. വിപ്ലവ പാര്‍ട്ടികള്‍ ലിംഗസമത്വത്തെക്കുറിച്ച് വാതോരാതെ വാദങ്ങൾ നിരത്തുമ്പോഴാണ് കോണ്‍ഗ്രസ് രണ്ടടി മുന്നോട്ടുവെച്ച് ഇവർക്ക് സീറ്റ് നല്‍കിയത്.
ഇത്തവണ ത്രിതല പഞ്ചായത്തില്‍ മത്സരിക്കുന്ന 75,644 പേരില്‍ 39,609 സ്ത്രീകളും 36,304 പുരുഷന്മാരുമാണ്. അതായത് സ്ഥാനാര്‍ത്ഥികളില്‍ 52.36 ശതമാനം വനിതകളാണ്. ഒമ്പത് ജില്ലകളില്‍ വനിതാ പ്രാധിനിത്യം 52 ശതമാനത്തിലധികമാണ്. ഗ്രാമ പഞ്ചായത്തില്‍ 29262 സ്ത്രീകളും 26, 168 പുരുഷന്മാരുമാണ് മത്സരിക്കുന്നത്. ആറ് കോര്‍പ്പറേഷനുകളില്‍ 1800 പേര്‍ മത്സര ഗോദയിലുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here