പൈലറ്റില്ലാതെ യാത്രാവിമാനം പറന്നത് 10 മിനിറ്റ് !! 200ലേറെ പേരുടെ തലവര വെളിപ്പെടുന്നത് ഒരു വർഷത്തിന് ശേഷം

ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് സ്പെയിനിലെ സെവിലിലേക്ക് പറന്ന ലുഫ്താൻസ A321 ആണ് താരം. 199 യാത്രക്കാരുടെയും ആറു വിമാനജീവനക്കാരുടെയും ജീവൻ തുലാസിലാക്കിയ ആ സംഭവം നടന്ന് 15 മാസം എത്തുമ്പോഴാണ് പുറത്തറിയുന്നത്. സ്പാനിഷ് അന്വേഷണ ഏജൻസിസായ CIAIAC (Civil Aviation Accident and Incident Investigation Commission) ആണ് ഇപ്പോഴെങ്കിലും വിവരം പുറത്തുവിട്ടത്.
യാത്രയ്ക്കിടെ പൈലറ്റ് ശുചിമുറിയിൽ പോകുന്നു, കോക്പിറ്റിൽ ഉണ്ടായിരുന്ന കോപൈലറ്റ് ഇതേസമയത്ത് കുഴഞ്ഞുവീഴുന്നു, നിയന്ത്രിക്കാൻ ആരുമില്ലാതെ 10 മിനിറ്റ് വിമാനം പറക്കുന്നു… കഴിഞ്ഞ വർഷം ഫെബ്രുവരി 17ന് ഉണ്ടായത് ഇതാണ്. അർദ്ധബോധത്തിലായിരുന്ന കോപൈലറ്റ് പലവിധത്തിൽ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും വിമാനം ഓട്ടോപൈലറ്റ് മോഡിൽ ആയിരുന്നതിനാൽ കൂടുതൽ അപകടമില്ലാതെ മുന്നോട്ടുപോയി.
കോക്പിറ്റിൽ നിന്ന് മെഡിക്കൽ എമർജൻസിയുടെ സിഗ്നൽ കിട്ടിയതോടെ തിരിച്ചെത്തിയ പൈലറ്റ് കോക്പിറ്റിൽ പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും ഡോർ തുറക്കാൻ ഉള്ളിലുള്ള കോപൈലറ്റിന് കഴിഞ്ഞില്ല. തുടർന്ന് വാതിൽ തുറക്കാനുള്ള എമർജൻസി കോഡ് ടൈപ്പ് ചെയ്യുമ്പോഴേക്കും കോപൈലറ്റ് ഒരുവിധം തുറന്നു. നിയന്ത്രണം ഏറ്റെടുത്ത പൈലറ്റ് വിമാനം മാഡ്രിഡിൽ അടിയന്തരമായി ഇറക്കി കോപൈലറ്റിനെ ആശുപത്രി യിലാക്കി.
സംഭവത്തെക്കുറിച്ച് സ്പാനിഷ് ഏജൻസി നടത്തിയ അന്വേഷണത്തിൻ്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ലുഫ്താൻസ് വിമാനക്കമ്പനിയും അന്വേഷണം നടത്തിയതായി പറയുന്നുണ്ട് എങ്കിലും വിവരം പുറത്തുവിടാൻ തയ്യാറായിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here