മഷി പുരണ്ട പേപ്പറുകളിൽ ഉച്ചഭക്ഷണം! റിപ്പബ്ലിക് ദിനത്തിലെ ദൃശ്യം മനസ്സാക്ഷിയെ ഞെട്ടിക്കുന്നത്; കടുത്ത പ്രതിഷേധം

റിപ്പബ്ലിക് ദിനത്തിൽ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വന്നത് കടുത്ത അവഗണന. മധ്യപ്രദേശിലെ മൈഹാർ ജില്ലയിലുള്ള ഭട്ഗവാൻ ഗ്രാമത്തിലെ സ്കൂളിലെ കുട്ടികൾക്കാണ് ഈ ദുർഗതി ഉണ്ടായത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നൽകിയ പ്രത്യേക ഉച്ചഭക്ഷണം കുട്ടികൾക്ക് വിളമ്പിയത് കീറിയ നോട്ടുപുസ്തകത്തിന്റെ പേപ്പറുകളിലായിരുന്നു. ഇത് വലിയ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്.
സർക്കാർ നിർദ്ദേശപ്രകാരം പുരിയും ഹൽവയുമാണ് വിതരണം ചെയ്തത്. നിലത്തിരുന്ന കുട്ടികൾക്ക് പ്ലേറ്റുകൾക്ക് പകരം മഷി പുരണ്ടതും അഴുക്കുപിടിച്ചതുമായ പേപ്പർ കഷണങ്ങളിലാണ് ഭക്ഷണം നൽകിയത്. പേപ്പറിൽ ഉപയോഗിക്കുന്ന മഷിയിലെ ഈയം പോലുള്ള മാരക രാസവസ്തുക്കൾ ചൂടുഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്നത് കുട്ടികളുടെ ആരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
സ്കൂളിൽ പ്ലേറ്റുകൾ വാങ്ങാനായി ഫണ്ട് അനുവദിച്ചിരുന്നിട്ടും കുട്ടികൾക്ക് പേപ്പറിൽ ഭക്ഷണം നൽകിയത് അഴിമതിയുടെ സൂചനയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവം വിവാദമായതോടെ സ്കൂൾ സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ബ്ലോക്ക് റിസോഴ്സ് കോർഡിനേറ്ററോട് (BRC) മുതിർന്ന ഉദ്യോഗസ്ഥനായ വിഷ്ണു ത്രിപാഠി നിർദ്ദേശിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
ഈ സംഭവം മധ്യപ്രദേശിലെ ഉച്ചഭക്ഷണ പദ്ധതിയിലെ ഗുരുതരമായ വീഴ്ചകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ 88,281 സ്കൂളുകളിൽ 21,966 എണ്ണവും ഉച്ചഭക്ഷണ വിവരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. മധ്യപ്രദേശിൽ ഇപ്പോൾ 55 ജില്ലകളുണ്ടെങ്കിലും, ഔദ്യോഗിക രേഖകളിൽ ഇപ്പോഴും 52 ജില്ലകൾ മാത്രമേയുള്ളൂ. ഈ ക്രമക്കേട് നടന്ന മൈഹാർ ജില്ല പോലും ഔദ്യോഗിക പട്ടികയിൽ ഇടംപിടിച്ചിട്ടില്ല.
കഴിഞ്ഞ വർഷം ഷിയോപൂർ ജില്ലയിലും സമാനമായ രീതിയിൽ കുട്ടികൾക്ക് പേപ്പറിൽ ഭക്ഷണം നൽകിയ സംഭവം വാർത്തയായിരുന്നു. ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം ഉയർത്തുമെന്ന ഭരണകൂടത്തിന്റെ വാഗ്ദാനങ്ങൾ വെറും പാഴ്‌വാക്കായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണേണ്ടി വരുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here