തീപിടിത്തത്തിന് പിന്നാലെ വിദേശത്തേക്ക് കടന്ന ലുത്ര സഹോദരങ്ങൾ പിടിയിൽ; ഉടൻ ഇന്ത്യയിൽ എത്തിക്കും

ഗോവയിലെ ‘ബിർച്ച് ബൈ റോമിയോ ലെയ്ൻ’ നൈറ്റ് ക്ലബിൽ തീപിടിച്ച് 25 പേർ മരിച്ച സംഭവത്തിലെ ഉടമകളായ ഗൗരവ് ലുത്ര, സൗരഭ് ലുത്ര എന്നിവരെ തായ്‌ലൻഡിൽനിന്ന് പോലീസ് പിടികൂടി. ഇവരെ ഉടൻ ഇന്ത്യയിലേക്ക് കൊണ്ടുവരും എന്നാണ് വിവരം. ഇരുവരേയും ഫുക്കറ്റിലെ തടങ്കൽ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇവരെ തിരികെ കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചതിന് പിന്നാലെ ഇന്ത്യൻ സംഘം തായ് അധികൃതരുമായി ബന്ധപ്പെട്ടു.
തീപിടിത്തം ഉണ്ടായ ഉടൻതന്നെ ഇരുവരും തായ്‌ലൻഡിലേക്ക് കടന്നതയാണ് വിവരം. തീ അണയ്ക്കാൻ രക്ഷാപ്രവർത്തകർ ശ്രമിക്കുന്നതിനിടയിൽത്തന്നെ ഉടമകൾ തായ്‌ലൻഡിലേക്കുള്ള വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വിമാനത്താവളം വഴി ഇവർ രാജ്യം വിട്ട വിവരം ഇന്ത്യൻ ഇമിഗ്രേഷൻ അധികൃതർ ഉടൻ തായ് പോലീസിനെ അറിയിച്ചു. തായ് പോലീസ് ഫുക്കറ്റിൽ ഇവരെ തിരഞ്ഞു. ഇവർ താമസസ്ഥലം മാറിയെങ്കിലും പലയിടത്തും റെയ്ഡ് നടത്തി ഒടുവിൽ കണ്ടെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഇവരെ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നിയമപരമായ നടപടികൾ ഇരു രാജ്യങ്ങളിലെ അധികൃതരും ചേർന്ന് ഇപ്പോൾ പൂർത്തിയാക്കുകയാണ്. രക്ഷപ്പെട്ട ഉടൻതന്നെ ഗോവ പോലീസ് ഇവരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കിയിരുന്നു. ഇവർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചെങ്കിലും ഉടൻ സംരക്ഷണം നൽകാൻ കോടതി വിസമ്മതിച്ചു. ഉടമകൾക്കെതിരെ പല ക്രമക്കേടുകൾക്കും മുൻപ് പരാതികൾ ഉണ്ടായിരുന്നതായാണ് വിവരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here