സഭയും പാർട്ടികളും ചേർന്ന് പടിയടച്ചു പിണ്ഡം വച്ച മാധവ് ഗാഡ്ഗിൽ; താക്കീതുകൾ ബാക്കിവെച്ച് മടങ്ങി പശ്ചിമഘട്ടത്തിന്റെ കാവലാൾ

പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. കേരളം പോലുള്ള ഒരു സംസ്ഥാനത്തിന്റെ നിലനിൽപ്പിനായുള്ള മുന്നറിയിപ്പുകൾ ബാക്കിയാക്കിയാണ് ഗാഡ്ഗിൽ മടങ്ങുന്നത്. 2018-ലെ മഹാപ്രളയവും 2024-ലെ വയനാട് ദുരന്തവും കേരളത്തെ പിടിച്ചുലച്ചപ്പോൾ ഗാഡ്ഗിൽ ആവർത്തിച്ചു പറഞ്ഞിരുന്നു ഇതെല്ലാം മനുഷ്യനിർമ്മിത ദുരന്തങ്ങളാണെന്ന്. പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം നടത്തിയ നിരീക്ഷണങ്ങൾ യാഥാർഥ്യമാകുന്നത് കേരളം അത്ഭുതത്തോടെ പിൽക്കാലത്ത് നോക്കി കണ്ടു.
2011-ൽ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധ സമിതി അധ്യക്ഷനെന്ന നിലയിൽ ഗാഡ്ഗിൽ സമർപ്പിച്ച റിപ്പോർട്ട് കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക മേഖലകളിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. പശ്ചിമഘട്ടത്തിന്റെ 64 ശതമാനവും പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ശുപാർശ. പശ്ചിമഘട്ടത്തെ മൂന്ന് മേഖലകളായി തിരിക്കണമെന്നും പരിസ്ഥിതിലോല പ്രദേശങ്ങളിൽ ഖനനവും നിർമ്മാണ പ്രവർത്തനങ്ങളും നിയന്ത്രിക്കണമെന്നും അദ്ദേഹം ശുപാർശ ചെയ്തു. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ റിപ്പോർട്ട് അപ്രായോഗികം എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു. ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലെ ജനവാസ മേഖലകളെ റിപ്പോർട്ട് ബാധിക്കുമെന്ന് സർക്കാർ കേന്ദ്രത്തെ അറിയിച്ചു.
അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ, റിപ്പോർട്ട് നടപ്പിലാക്കിയാൽ അത് കർഷകരെയും സാധാരണക്കാരെയും ദോഷകരമായി ബാധിക്കുമെന്ന് പ്രസ്താവിച്ചു. പള്ളികളിൽ റിപ്പോർട്ടിനെതിരെ ഇടയലേഖനങ്ങൾ വായിച്ചു. കുടിയേറ്റ കർഷകരെ മണ്ണിൽ നിന്ന് ആട്ടിപ്പായിക്കാനുള്ള ഗൂഢാലോചനയായി റിപ്പോർട്ടിനെ അവർ ചിത്രീകരിച്ചു. ഗാഡ്ഗിൽ റിപ്പോർട്ടിനെ അനുകൂലിച്ചതിന്റെ പേരിൽ കോൺഗ്രസ് നേതാവായിരുന്ന പി.ടി. തോമസിന് സഭയിൽ നിന്ന് കടുത്ത എതിർപ്പ് നേരിടേണ്ടി വന്നു. ഇത് അദ്ദേഹത്തിന് 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെടാൻ വരെ കാരണമായി.
ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ കേരളത്തിൽ ഉയർന്ന ശക്തമായ രാഷ്ട്രീയ-സാമുദായിക പ്രതിഷേധങ്ങളെത്തുടർന്ന് കേന്ദ്രസർക്കാർ പ്രതിരോധത്തിലായി. ഇതിനെത്തുടർന്ന് ഗാഡ്ഗിൽ ശുപാർശകൾ പഠിക്കാനായി ഡോ. കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിൽ മറ്റൊരു സമിതിയെ നിയോഗിച്ചു. പശ്ചിമഘട്ടത്തിന്റെ 64 ശതമാനം സംരക്ഷിക്കണമെന്ന് ഗാഡ്ഗിൽ പറഞ്ഞപ്പോൾ, കസ്തൂരിരംഗൻ അത് വെറും 37 ശതമാനമായി കുറച്ചു. ഗാഡ്ഗിൽ റിപ്പോർട്ടിലെ കർശനമായ നിയന്ത്രണങ്ങളിൽ വലിയ തോതിൽ ഇളവ് വരുത്തിയ കസ്തൂരിരംഗൻ റിപ്പോർട്ടാണ് പിന്നീട് പല ദുരന്തങ്ങൾക്കും വഴിവെച്ചതെന്ന് പരിസ്ഥിതി പ്രവർത്തകർ ഇന്നും കുറ്റപ്പെടുത്തുന്നു. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഗാഡ്ഗിൽ റിപ്പോർട്ട് ബാധിക്കുമെന്ന പേടി മാറ്റാനാണ് കസ്തൂരിരംഗൻ സമിതി ശ്രമിച്ചത്. എന്നാൽ ഇത് പാറമട മാഫിയകൾക്കും വൻകിട നിർമ്മാണങ്ങൾക്കും പരോക്ഷമായി സഹായകരമായി. ഇന്ന് കേരളം അനുഭവിക്കുന്ന ദുരന്തങ്ങൾ കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അപര്യാപ്തത കൂടിയാണ് ചൂണ്ടിക്കാട്ടുന്നത്.
Also Read : 13 ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത; ആരും പരിഗണിക്കാതെ മുന്നറിയിപ്പ് റിപ്പോർട്ടുകൾ
കേരളത്തിലുണ്ടായ പ്രളയങ്ങളും വയനാട്ടിലെയും ഇടുക്കിയിലെയും ഉരുൾപൊട്ടലുകളും ഗാഡ്ഗിലിന്റെ താക്കീതുകൾ ശരിവെക്കുന്നതായിരുന്നു 2018-ലെ പ്രളയത്തിന് ശേഷം മാധവ് ഗാഡ്ഗിൽ നടത്തിയ പ്രതികരണം ശ്രദ്ധേയമായിരുന്നു. കനത്ത മഴയല്ല, മറിച്ച് മലഞ്ചെരിവുകളിലെ അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളും പാറമടകളുമാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രകൃതി ദുരന്തങ്ങളല്ല, മറിച്ച് മനുഷ്യന്റെ ഇടപെടലുകൾ വഴി വിളിച്ചുവരുത്തിയ ദുരന്തങ്ങളാണിതെന്ന് അദ്ദേഹം ആവർത്തിച്ചു.
2024-ൽ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടൽ സംഭവത്തിൽ അദ്ദേഹം സർക്കാരിനെ നിശിതമായി വിമർശിച്ചു. അതിലോലമായ പ്രദേശങ്ങളിൽ റിസോർട്ടുകളും കൃത്രിമ തടാകങ്ങളും നിർമ്മിച്ചത് മണ്ണൊലിപ്പിന്റെ വേഗത കൂട്ടി. സമീപത്തെ ക്വാറികളുടെ പ്രകമ്പനം മഴക്കാലത്ത് മണ്ണിനെ കൂടുതൽ ദുർബലമാക്കി. രാഷ്ട്രീയ ലാഭത്തിന് വേണ്ടി പരിസ്ഥിതിയെ ബലികൊടുത്തതിന്റെ ഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നതെന്ന് അദ്ദേഹം തുറന്നുപറയാൻ മടിച്ചില്ല.
Also Read : കരിങ്കൽ ക്വാറികൾ കുടുംബശ്രീയെ ഏൽപ്പിക്കണം; നിർദേശവുമായി മാധവ് ഗാഡ്ഗിൽ
ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കിയിരുന്നെങ്കിൽ ഇത്രയും വലിയ നാശനഷ്ടങ്ങൾ ഉണ്ടാകില്ലായിരുന്നു എന്ന് ഇന്ന് പല പരിസ്ഥിതി പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ പശ്ചിമഘട്ട മേഖലകളിൽ ഇന്നും തുടരുന്ന പാറഖനനവും തോട്ടം നിർമ്മാണങ്ങളും വരാനിരിക്കുന്ന വലിയ ദുരന്തങ്ങളുടെ സൂചനയാണെന്ന് അദ്ദേഹം മരിക്കുന്നതിന് മുൻപും ഓർമ്മിപ്പിച്ചു.
ഹാർവാർഡ് സർവ്വകലാശാലയിൽ നിന്ന് പിഎച്ച്ഡി നേടിയ ഗാഡ്ഗിൽ, വെറുമൊരു അക്കാദമിക് ശാസ്ത്രജ്ഞനായിരുന്നില്ല. പ്രകൃതിയെ ജനകീയമായി സംരക്ഷിക്കണമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. പത്മശ്രീയും പത്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചപ്പോഴും, തന്റെ റിപ്പോർട്ട് നടപ്പിലാകാത്തതിൽ അദ്ദേഹം വലിയ ദുഃഖം പ്രകടിപ്പിച്ചിരുന്നു. പരിസ്ഥിതി നോബൽ എന്നറിയപ്പെടുന്ന വോൾവോ എൻവയോൺമെന്റ് പ്രൈസ്, ടൈലർ പ്രൈസ് തുടങ്ങിയ അന്താരാഷ്ട്ര പുരസ്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. മാധവ് ഗാഡ്ഗിൽ വിട വാങ്ങുന്നത് കേരളത്തിന് വലിയ മുന്നറിയിപ്പുകൾ നൽകിയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here