മധ്യപ്രദേശിൽ മൃതദേഹങ്ങൾക്ക് പുല്ല് വില; കൊണ്ട് പോകുന്നത് വേസ്റ്റ് വണ്ടിയിൽ

മധ്യപ്രദേശിലെ ദാമോയിൽ മൃതദേഹം വീട്ടിലെത്തിച്ചത് വേസ്റ്റ് വണ്ടിയിൽ. സർക്കാർ ആശുപത്രിയിൽ നിന്നാണ് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയത്. ഒരു പൗരസമിതിയുടെ വേസ്റ്റ് കൊണ്ട് പോകുന്ന വണ്ടിയാണ് ഇതിനായി ആശുപത്രി അധികൃതർ നൽകിയത്.
ദാമോ ജില്ലാ ആശുപത്രിയിൽ സർക്കാർ നൽകിയ മൃതദേഹം കൊണ്ടുപോകാനുള്ള രണ്ട് വാനുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത് നൽകാതെയാണ് വേസ്റ്റ് വണ്ടിയിൽ കൊണ്ട് പോയത്. കൊലപാതക കേസിലെ ഇരയുടെ മൃതദേഹമായിരുന്നു ഇത്. പൊലീസ്, വാഹനം ആവശ്യപ്പെട്ടപ്പോൾ ഇതാണ് നൽകിയതെന്നും ബന്ധുക്കൾ പറയുന്നു
മധ്യപ്രദേശിൽ മൃതദേഹങ്ങളോടുള്ള അനാദരവ് ഇതാദ്യമല്ല. ജൂലൈയിൽ 15 വയസ്സുള്ള മകന്റെ മൃതദേഹം അച്ഛൻ മോട്ടോർ സൈക്കിളിൽ കെട്ടി മഴയിലൂടെ ഓടിച്ച വാർത്ത പുറത്തു വന്നിരുന്നു. മൃതദേഹം മാലിന്യ ട്രക്കിലേക്ക് വലിച്ചെറിയുന്നത് പൊലീസ് ക്യാമറയിൽ കുടുങ്ങിയിരുന്നു. പ്രതിഷേധമുണ്ടായെങ്കിലും അതും എങ്ങും എത്തിയില്ല.
ഭോപ്പാലിലെ മിസ്രോഡിലെ ഒരു ചെളി നിറഞ്ഞ വയലിൽ 150 ലധികം മൃതദേഹം കൊണ്ട് പോകുന്ന വാഹനങ്ങളാണ് വെയിലും മഴയും കൊണ്ട് ഉദ്ഘാടനം കാത്തു കിടന്നത്. തുരുമ്പ് കയറി നശിക്കുന്നത് വാർത്തയായതോടെ തിടുക്കത്തിൽ ജില്ലകളിലേക്ക് അയച്ചു. വർഷങ്ങളായി, മൃതദേഹങ്ങളുടെ അവസ്ഥ ഇതുതന്നെയാണ്. തോളിൽ ചുമന്നും , ഇരുചക്രവാഹനങ്ങളിലും ചാക്കിലും കെട്ടിയും ശരീരങ്ങൾ കൊണ്ട് പോകുന്നു. ഇത് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here