കുട്ടികളുടെ കൂട്ടക്കുരുതിക്ക് കാരണം കഫ് സിറപ്പ് തന്നെ!! സ്ഥിരീകരിച്ച് കേന്ദ്രം

മധ്യപ്രദേശിലും രാജസ്ഥാനിലും വൃക്ക തകരാറു മൂലം കുട്ടികൾ മരിക്കാൻ കാരണം കഫ് സിറപ്പ് എന്ന് കണ്ടെത്തൽ. പരിധിക്കപ്പുറം ഡൈഎത്തിലീൻ ഗ്ലൈക്കോൾ (DEG) സാന്നിധ്യം കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. ‘കോൾഡ്രിഫ് കഫ് സിറപ്പ്’ ഒരിടത്തും വിൽക്കാൻ പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കാഞ്ചീപുരത്തെ ശ്രേഷൻ ഫാർമയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് ഇത് കണ്ടെത്തിയത്.
മധ്യപ്രദേശ് സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണ് തമിഴ്നാട് ഫുഡ് ആൻഡ് ട്രക്ക് അഡ്മിനിസ്ട്രേഷൻ (FDA) സാമ്പിളുകൾ ശേഖരിച്ചത്. ഈ മേഖലയിൽ നിന്നും 19 മരുന്നുകളുടെ സാമ്പിളുകളും പരിശോധിച്ചിരുന്നു. കോൾഡ്രിഫ് കഫ് സിറപ്പിലാണ് പരിധിയിൽ കൂടുതൽ ഡിഇജി കണ്ടെത്തിയത്. എന്നാൽ മധ്യപ്രദേശിൽ ശേഖരിച്ച ആറു സാമ്പിളുകളിൽ ഈ പ്രശ്നം കണ്ടെത്തിയിരുന്നില്ല. കേന്ദ്ര സംഘങ്ങളുടെ പരിശോധന നിലവിൽ തുടരുകയാണ്.
അതേസമയം, രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷ മരുന്നുകൾ നൽകരുതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (DGHS) നിർദ്ദേശം നൽകി. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കും കഫ് സിറപ്പുകൾ നൽകാൻ പാടില്ല. അടിയന്തരഘട്ടങ്ങളിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കാനാണ് നിർദ്ദേശം. മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് പ്രിസ്ക്രിപ്ഷൻ ഇല്ലാതെ കഫ് സിറപ്പുകൾ വിൽക്കാൻ പാടില്ല. കോൾഡ്രിഫ് കഫ് സിറപ്പ് സംബന്ധിച്ചു എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അധികൃതരെ അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്ത്യയിലും വിദേശത്തുമടക്കം ഡൈഎത്തിലീൻ ഗ്ലൈക്കോൾ കാരണം നിരവധി കുട്ടികൾ ഇതിനു മുൻപും മരിച്ചിട്ടുണ്ട്. 2020ലെ ജമ്മു ദുരന്തത്തിൽ 12 കുട്ടികളാണ് മരിച്ചത്. 1998ൽ ഗുഡ്ഗാവിലും 1972ൽ ചെന്നൈയിലും 2022 ൽ ഗാംബിയയിലും ഉസ്ബെക്കിസ്ഥാനിലും ഡൈ എത്തിലീൻ ഗ്ലൈക്കോൾ നിരവധി കുട്ടികളുടെ ജീവനെടുത്തിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here