വനിതാ ജഡ്ജിക്ക് പോലും ലഭിക്കാത്ത നീതി; ജാതിപറഞ്ഞ് അധിക്ഷേപിച്ച സീനിയറിനെ ഹൈക്കോടതി ജഡ്ജിയാക്കി; രാജിവച്ച് പ്രതിഷേധം

ജാതി പറഞ്ഞ് അധിക്ഷേപിച്ച സീനിയര്‍ ജില്ലാ ജഡ്ജിക്ക് മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നല്‍കിയതില്‍ പ്രതിഷേധിച്ച് വനിത ജഡ്ജി രാജി വെച്ചു. ജുഡീഷ്യല്‍ സംവിധാനങ്ങളുടെ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദിതികുമാര്‍ ശര്‍മ്മ ( Aditi Kumar Sharma ) സ്ഥാനം രാജിവെച്ചത്. “നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടല്ല സ്ഥാനമൊഴിയുന്നത്, മറിച്ച് നീതി ഉറപ്പാക്കേണ്ട സംവിധാനത്തില്‍ തന്നെ നീതി നഷ്ടപ്പെട്ടതിനാലാണ് പദവി ഒഴിഞ്ഞു പോകുന്നത്” മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ അദിതി വ്യക്തമാക്കി.
ഉജൈ്വനിലെ പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് ജഡ്ജിയായ രാജേഷ് കുമാര്‍ ഗുപ്തയെ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ജഡ്ജിയായി നിയമനം നല്‍കിയത്. ഗുപ്തയടക്കം നിരവധി ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്കെതിരെ അദിതി ശര്‍മ്മ പലവട്ടം പരാതികള്‍ നല്‍കിയിരുന്നു. പ്രിന്‍സിപ്പല്‍ ജഡ്ജിയായിരുന്ന ഒരാള്‍ പൊതുമധ്യത്തില്‍ വെച്ച് ഹൈക്കോടതി ജഡ്ജിമാരെയും തന്നെയും ജാതി പറഞ്ഞ് അധിക്ഷേപിച്ച സംഭവത്തെക്കുറിച്ചു തെളിവു സഹിതം പരാതി നല്‍കിയിട്ടും നടപടി ഒന്നുമുണ്ടായില്ലെന്ന് അദിതി ശര്‍മ്മ ആരോപിക്കുന്നു.

“സത്യത്തിന് മേല്‍ അധികാരം പിടിമുറുക്കി കഴിഞ്ഞു. കുറ്റക്കാര്‍ക്കെതിരെ അന്വേഷണമോ നോട്ടീസോപോലും അയക്കാന്‍ തയ്യാറായില്ല. ഇതേ സ്ഥാപനമാണ് തുല്യതയെക്കുറിച്ചും നീതിന്യായത്തെക്കുറിച്ചും പഠിപ്പിക്കുന്നത്. ജഡ്ജിയായ താന്‍ നേരിട്ട അപമാനത്തെക്കുറിച്ച് ദേശീയ തലത്തില്‍ പോലും ചര്‍ച്ച ഉണ്ടായിട്ടും തനിക്ക് സാമാന്യ നീതി നിഷേധിക്കപ്പെട്ടു. നീതി നടപ്പാക്കി കിട്ടാനുള്ള എല്ലാ മാര്‍ഗങ്ങളും വ്യവസ്ഥകളും താന്‍ പാലിച്ചുവെന്ന് ഹൈക്കോടതി രജിസ്ട്രാര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, രാഷ്ട്രപതി തുടങ്ങിയവര്‍ക്കെല്ലാം പരാതി അയച്ചെങ്കിലും മൗനമായിരുന്നു അവിടെ നിന്നെല്ലാം ലഭിച്ച മറുപടി” എന്നും അദിതി രാജിക്കത്തില്‍ തുറന്ന് പറയുന്നുണ്ട്.
ഈ വര്‍ഷം ഫെബ്രുവരിയില്‍ അദിതി ശര്‍മ്മയെ ഹൈക്കോടതി ഡിസ്മിസ് ചെയ്ത ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. പിരിച്ചുവിടല്‍ ഉത്തരവ് ഏകപക്ഷീയവും അനീതിയുമാണെന്നാണ് സുപ്രീം കോടതി പറഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here