സെൻസർ ബോർഡിന് കോടതിയുടെ പ്രഹരം; വിജയ് ചിത്രം റിലീസ് ചെയ്യാൻ മദ്രാസ് ഹൈക്കോടതിയുടെ അനുമതി

വിജയ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ജനനായകന്റെ റിലീസിന് മുന്നോടിയായുള്ള തടസ്സങ്ങൾ നീങ്ങുന്നു. ചിത്രത്തിന് യു/എ (U/A) സർട്ടിഫിക്കറ്റ് അടിയന്തരമായി നൽകാൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി ടി ആശയാണ് കേസില്‍ വിധി പറഞ്ഞത്. ചിത്രത്തിലെ ചില രംഗങ്ങളുമായി ബന്ധപ്പെട്ട് സെൻസർ ബോർഡ് തടസ്സവാദങ്ങൾ ഉന്നയിച്ചതിനെത്തുടർന്നാണ് അണിയറപ്രവർത്തകർ കോടതിയെ സമീപിച്ചത്. സെൻസർ ബോർഡിന്റെ നിലപാടുകൾ സിനിമയുടെ റിലീസിനെ ബാധിക്കുമെന്ന വാദം പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകാൻ വൈകരുതെന്ന് കോടതി കർശന നിർദ്ദേശം നൽകി.
Also Read : ‘ജനങ്ങൾ ഡിഎംകെയെ വീട്ടിലിരുത്തും’; തമിഴ്‌നാട് സർക്കാരിനെതിരെ ആഞ്ഞടിച്ച് വിജയ്
ഇന്നാണ് ചിത്രം റിലീസ് ചെയ്യാൻ ആദ്യം തീരുമാനിച്ചിരുന്നത്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമുള്ള സുപ്രധാന ചിത്രമായതിനാൽ ‘ജനനായകൻ’ വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. കോടതി ഉത്തരവ് വന്നതോടെ അടുത്ത ദിവസങ്ങളിൽ തന്നെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന ഉറപ്പായിരിക്കുകയാണ്. സിനിമാപ്രേമികളും ആരാധകരും ഈ വാർത്ത വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലോടെ സെൻസർ നടപടികൾ പൂർത്തിയായ സാഹചര്യത്തിൽ, ചിത്രം 2026 ജനുവരി 14-ന് റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. തമിഴ് സിനിമയിലെ ഏറ്റവും വലിയ റിലീസ് സീസണായ പൊങ്കൽ ലക്ഷ്യമിട്ടാണ് ചിത്രം എത്തുന്നത്. അവധി ദിനങ്ങൾ ബോക്സ് ഓഫീസ് കളക്ഷന് വലിയ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ.
സിനിമ ഒരു രാഷ്ട്രീയ ഡ്രാമയായിരിക്കും എന്നാണ് സൂചനകൾ. സിനിമയിലെ ഡയലോഗുകൾക്ക് സെൻസർ ബോർഡ് കത്രിക വെച്ചതാണ് കോടതി വരെ കാര്യങ്ങളെത്തിച്ചത്. കോടതി ഉത്തരവ് വന്നതോടെ തമിഴ്‌നാട്ടിലും വിദേശ രാജ്യങ്ങളിലും അഡ്വാൻസ് ബുക്കിംഗ് ഉടൻ ആരംഭിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here