‘വിളക്ക് തെളിക്കുന്നത് എങ്ങനെ സമാധാന ലംഘനമാകും?’; തിരുപ്രംകുണ്‌ട്രം കേസിൽ തമിഴ്നാട് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

തമിഴ്‌നാട് സർക്കാരിന്റെയും വഖഫ് ബോർഡിന്റെയും എതിർപ്പുകൾ തള്ളിക്കൊണ്ട്, മധുര തിരുപ്രംകുണ്‌ട്രം മലയിലെ ഹസ്രത്ത് സുൽത്താൻ സിക്കന്ദർ ബാദുഷ ഔലിയ ദർഗയ്ക്ക് സമീപമുള്ള പുരാതന കൽത്തൂണിൽ കാർത്തിക ദീപം തെളിക്കാൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് അനുമതി നൽകി. ജസ്റ്റിസ് ജി. ജയചന്ദ്രൻ, ജസ്റ്റിസ് കെ.കെ. രാമകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് ശരിവെച്ചത്.

തിരുപ്രംകുണ്‌ട്രം കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ദർഗയ്ക്ക് തൊട്ടടുത്തുള്ള കൽത്തൂണിൽ വർഷത്തിലൊരിക്കൽ കാർത്തിക ദീപം തെളിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ഭക്തർ നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ നടപടി. എന്നാൽ ഇതിനെതിരെ തമിഴ്‌നാട് സർക്കാർ, പോലീസ്, വഖഫ് ബോർഡ് എന്നിവർ അപ്പീൽ നൽകി. ദീപം തെളിക്കുന്നത് പ്രദേശത്തെ ക്രമസമാധാന നില തകർക്കുമെന്നും ദർഗയുടെ പരിസരത്തുകൂടി ഭക്തർക്ക് പ്രവേശനം നൽകുന്നത് ബുദ്ധിമുട്ടാകുമെന്നുമായിരുന്നു സർക്കാരിന്റെ വാദം.

Also Read : മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു; വന്‍ ഭക്തജന തിരക്ക്

വർഷത്തിലൊരിക്കൽ ഒരു കൽത്തൂണിൽ വിളക്ക് തെളിക്കുന്നത് എങ്ങനെയാണ് പൊതുസമാധാനത്തിന് ഭീഷണിയാകുന്നത് എന്ന് കോടതി ചോദിച്ചു. സർക്കാർ തന്നെ അത്തരം പ്രശ്നങ്ങൾ സ്പോൺസർ ചെയ്താലല്ലാതെ ക്രമസമാധാന പ്രശ്നം ഉണ്ടാവില്ലെന്ന രൂക്ഷമായ വിമർശനവും കോടതി ഉയർത്തി. വിളക്ക് തെളിക്കുന്നത് തടയുന്ന തരത്തിലുള്ള യാതൊരു തെളിവും ആഗമ ശാസ്ത്രങ്ങളിലില്ലെന്ന് കോടതി നിരീക്ഷിച്ചു. വിളക്ക് തെളിക്കുന്നത് തടയാൻ ആർക്കും നിയമപരമായ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.

നേരത്തെ സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവ് നടപ്പിലാക്കാത്തതിനെത്തുടർന്ന് കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചിരുന്നു. സിംഗിൾ ബെഞ്ച് വിധിയിൽ തെറ്റില്ലെന്നും അത് നടപ്പിലാക്കണമെന്നുമാണ് ഡിവിഷൻ ബെഞ്ച് ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്. ഈ കൽത്തൂൺ ദർഗയുടെ ഭാഗമാണെന്ന അവകാശവാദവും കോടതി തള്ളി. ദർഗയ്ക്ക് സമീപത്തുകൂടിയുള്ള പടികൾ വഴി ഭക്തർക്ക് മുകളിലേക്ക് പോകാൻ സൗകര്യമൊരുക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഈ വിധി തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരിന് വലിയ രാഷ്ട്രീയ തിരിച്ചടിയായാണ്. മതപരമായ ആചാരങ്ങൾ സമാധാനപരമായി നടപ്പിലാക്കാൻ തടസ്സമില്ലെന്നും അത് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ഹൈക്കോടതി ഈ വിധിയിലൂടെ ഊന്നിപ്പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top