ജനനായകൻ റിലീസ് നീളുന്നു; സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി; വിജയ് ആരാധകർ നിരാശയിൽ

തമിഴ് താരം വിജയ് നായകനാകുന്ന ‘ജനനായകൻ’ സിനിമയുടെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിൽ. ചിത്രത്തിന് ഉടനടി സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. വിഷയത്തിൽ വീണ്ടും വാദം കേൾക്കാൻ കേസ് സിംഗിൾ ബെഞ്ചിന് തന്നെ തിരിച്ചയച്ചു.
ചീഫ് ജസ്റ്റിസ് മണീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് അരുൾ മുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സെൻസർ ബോർഡ് നൽകിയ അപ്പീൽ പരിഗണിച്ചത്. സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള സെൻസർ ബോർഡിന്റെ അധികാരപരിധിയിൽ സിംഗിൾ ബെഞ്ച് ഇടപെട്ടത് ശരിയായില്ല എന്ന് കോടതി നിരീക്ഷിച്ചു. പരാതികളിലെ വസ്തുതകൾ പരിശോധിക്കാൻ സിംഗിൾ ബെഞ്ചിന് വീണ്ടും അവസരം നൽകിക്കൊണ്ടാണ് ഉത്തരവ്.
Also Read : വിജയ് ചിത്രം ജനനായകന്റെ റിലീസ് അനിശ്ചിതത്വത്തില്‍; മദ്രാസ് ഹൈക്കോടതി വിധി റിലീസ് ദിനത്തിൽ
പൊങ്കൽ റിലീസ് ആയി നിശ്ചയിച്ചിരുന്ന ചിത്രത്തിന് സെൻസർ ബോർഡ് അനുമതി നിഷേധിച്ചതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്. സിനിമയിൽ സൈന്യത്തെ മോശമായി ചിത്രീകരിക്കുന്നുവെന്നും മതവികാരം വ്രണപ്പെടുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടിരുന്നു. എന്നാൽ സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തിയിട്ടും സർട്ടിഫിക്കറ്റ് നൽകാൻ വൈകുന്നു എന്നാരോപിച്ച് നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു.
സിംഗിൾ ബെഞ്ച് നേരത്തെ നിർമ്മാതാക്കൾക്ക് അനുകൂലമായി ഉത്തരവിട്ടിരുന്നെങ്കിലും ഡിവിഷൻ ബെഞ്ച് അത് സ്റ്റേ ചെയ്തിരുന്നു. സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയിലെ നടപടികൾ പൂർത്തിയാക്കാൻ നിർദ്ദേശിച്ച് ഹർജി തള്ളുകയായിരുന്നു. ഇന്ന് പുറത്തുവന്ന ഉത്തരവോടെ നിയമപോരാട്ടം വീണ്ടും നീളുമെന്ന് ഉറപ്പായി. ഫെബ്രുവരിയിൽ ചിത്രം റിലീസ് ചെയ്യാനായിരുന്നു നിർമ്മാതാക്കളുടെ ആലോചനയെങ്കിലും കോടതി ഉത്തരവോടെ ഇത് ഇനിയും വൈകാൻ സാധ്യതയുണ്ട്. വിജയ് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷമുള്ള ചിത്രമെന്ന നിലയിൽ ‘ജനനായകൻ’ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here