കരൂര്‍ ദുരന്തത്തില്‍ ടിവികെക്കും സ്റ്റാലിന്‍ സര്‍ക്കാരിനും ഹൈക്കോടതി വിമര്‍ശനം; ജീവന് വിലയില്ലേ എന്ന് ചോദ്യം; ഉടന്‍ സന്ദര്‍ശനമെന്ന് വിജയ്

41 പേരുടെ മരണത്തിന് ഇടയാക്കിയ കരൂര്‍ ദുരന്തത്തില്‍ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. റാലി നടത്തിയ വിജയ്ക്കും ടിവികെക്കുമെതിരെ അതിരൂക്ഷമായ പരാമര്‍ശം ആണ് കോടതിയില്‍ നിന്നുണ്ടായത്. റാലിയിലെ ആള്‍കൂട്ടത്തെ നിയന്ത്രിക്കാത്തിലും സൗകര്യങ്ങള്‍ ഒരുക്കാത്തതുമാണ് കോടതിയെ ചൊടിപ്പിച്ചത്. ടിവികെ പാര്‍ട്ടി എന്തുകൊണ്ടാണ് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാത്തത് എന്ന് കോടതി ചോദിച്ചു.
കുടിവെള്ളവും ശുചിമുറിയും ഒരുക്കേണ്ടത് റാലി നടത്തിയ പാര്‍ട്ടിയാണ്. എന്നാല്‍ അതുണ്ടായില്ല. അച്ചടക്കം ഇല്ലാത്ത പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ടത് നേതാവാണ് അല്ലാതെ വേറെ ആരാണെന്നും കോടതി ചോദിച്ചു. വിജയ്യുടെ പേര് പറയാതെ ആയിരുന്നു ഈ ചോദ്യം ഉന്നയിച്ചത്. സര്‍ക്കാരിനും വീഴ്ചയുണ്ടായി. പൗരന്മാരുടെ ജീവന്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നടപടി ഉണ്ടായിരുന്നോ, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയെന്ന് ഉറപ്പാക്കിയിരുന്നോ എന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.
എന്നാല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സമര്‍പ്പിച്ച് രണ്ട് ഹര്‍ജികള്‍ കോടതി തളളി. ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് തള്ളിയത്. ഹര്‍ജിക്കാര്‍ക്ക് ദുരന്തത്തില്‍ നഷ്ടം സംഭവിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ധനസഹായം വര്‍ധിപ്പിക്കണം എന്നുള്ള ഹര്‍ജികളില്‍ കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണം.
അതിനിടെ ഉടന്‍ കരൂര്‍ സന്ദര്‍ശിക്കുമെന്ന നിലപാടിലാണ് വിജയ്. സന്ദര്‍ശനത്തിന് വേണ്ട ഒരുക്കങ്ങള്‍ നടത്താന്‍ ടിവികെ ഭാരവാഹികള്‍ക്ക് വിജയ് സന്ദേശം നല്‍കി. ദുരന്തമുണ്ടായ ഉടന്‍ കരൂര്‍ വിട്ട് വിജയ്യുടെ നടപടിയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here