വനിതാ വക്കീലിൻ്റെ സ്വകാര്യ ദൃശ്യങ്ങള്‍ ഇൻ്റർനെറ്റിൽ നിന്ന് നീക്കാൻ മദ്രാസ് ഹൈക്കോടതി; വാദത്തിനിടെ നിറകണ്ണുകളോടെ ജഡ്ജി

വനിത അഭിഭാഷകയുടെ സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും എത്രയും പെട്ടെന്ന് ഇന്റര്‍നെറ്റിലെ എല്ലാ പ്ലാറ്റ്ഫോമുകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് മദ്രാസ് ഹൈക്കോടതി. 48 മണിക്കൂറിനുള്ളില്‍ നടപടിയെടുക്കണമെന്ന കര്‍ശന നിര്‍ദേശമാണ് കേന്ദ്ര ഐടി മന്ത്രാലയത്തിന് നല്‍കിയിരിക്കുന്നത്. അഭിഭാഷകയുടെ ആണ്‍ സുഹൃത്താണ് അവരുടെ അനുവാദമില്ലാതെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തി പ്രചരിപ്പിച്ചത്.
പെണ്‍കുട്ടി അതിഭീകരമായ മാനസിക വിഷമവും പ്രയാസങ്ങളും നേരിടുകയാണ്. അവരുടെ സമ്മതമില്ലാതെ പകര്‍ത്തിയ സ്വകാര്യ ദൃശ്യങ്ങള്‍ പല അശ്ലീല സൈറ്റുകളിലും അപ് ലോഡ് ചെയ്തിട്ടുണ്ട്. ഇവയെല്ലാം പൂര്‍ണമായി നീക്കം ചെയ്യണമെന്നാണ് ജസ്റ്റിസ് എന്‍ ആനന്ദ് വെങ്കിടേശ് കേന്ദ്രത്തോട് നിര്‍ദേശിച്ചിരിക്കുന്നത്. കോടതി ഉത്തരവ് നടപ്പാക്കിയത് സംബന്ധിച്ച് ഈ മാസം 14ന് റിപ്പോര്‍ട്ട് നല്‍കാന്‍ ഐടി വകുപ്പിനോടും പോലീസ് മേധാവിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
പഠനകാലത്ത് അടുപ്പം ഉണ്ടായിരുന്നയാൾ വിവാഹം ചെയ്യുമെന്ന് വിശ്വസിച്ച് അയാളുമൊത്ത് സ്വകാര്യ നിമിഷങ്ങള്‍ പങ്കുവെച്ചതായി അഭിഭാഷക അഫിഡവിറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ താനറിയാതെ ദൃശ്യങ്ങൾ റെക്കോര്‍ഡ് ചെയ്തശേഷം പ്രചരിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ചതിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞത്. ഇയാള്‍ അഡ്മിനായ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇവ പ്രചരിച്ചതിനെതിരെ ഏപ്രിലില്‍ പോലീസിന് പരാതി നല്‍കി. കഴിഞ്ഞ മാസം 18ന് ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയത്തിനും പരാതി നല്‍കി.
പരാതിയോട് വേണ്ട രീതിയില്‍ പ്രതികരിക്കാനോ നടപടി എടുക്കാനോ കേന്ദ്ര ഐടി മന്ത്രാലയം തയ്യാറായില്ലെന്ന് കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അബുദു കുമാര്‍ രാജരത്തിനം പറഞ്ഞു. ഇതോടെയാണ് ഹൈക്കോടതിയില്‍ റിട്ട് സമര്‍പ്പിച്ചത്. സമാനമായ കേസില്‍ ഡല്‍ഹി ഹൈക്കോടതിയുടെ വിധിയുണ്ടായിട്ടും പരാതിക്കാരിയുടെ അശ്ലീല ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ ഇതേ മന്ത്രാലയം തയ്യാറായില്ല എന്നും അഡ്വ. രാജരത്തിനം ചൂണ്ടിക്കാട്ടി.
Also Read: മരിച്ചുപോയ മകൻ്റെ ബീജം ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടണം; ഹർജിയുമായി അമ്മ ഹൈക്കോടതിയിൽ
കേന്ദ്ര ഐടി മന്ത്രാലയവുമായി സഹകരിച്ച് വിവാദ ദൃശ്യങ്ങള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യാന്‍ തമിഴ്‌നാട് പോലീസിന് നിർദേശം നല്‍കണമെന്ന് അഡ്വ. രാജരത്തിനം ആവശ്യപ്പെട്ടു. ഈ വാദങ്ങളോട് നിറകണ്ണുകളോടെയാണ് ജസ്റ്റിസ് ആനന്ദ് വെങ്കിടേശ് പ്രതികരിച്ചത്. പരാതിക്കാരി തന്റെ മകളാണെന്ന് ഒരു ഘട്ടത്തില്‍ തോന്നിയതായി ജഡ്ജി പറഞ്ഞു. പൊതു സമൂഹത്തിലെ വാര്‍പ്പു മാതൃകകള്‍ക്കെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കാന്‍ ധൈര്യം കാണിച്ച അഭിഭാഷകയെ കോടതി അഭിനന്ദിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here