ക്രിസ്ത്യാനികളെ ആക്രമിച്ചാല്‍ പ്രതിഫലം ലക്ഷങ്ങളെന്ന് ബിജെപി എംഎല്‍എ; കൊലവിളിക്കെതിരെ മിണ്ടാതെ രാജീവ് ചന്ദ്രശേഖറും ജോര്‍ജ് കുര്യനും

കേരളത്തിലെ ക്രിസ്ത്യാനികളുടെ സംരക്ഷക വേഷം ചമഞ്ഞു നടക്കുന്ന സംഘപരിവാറും ബിജെപിക്കാരും മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എ ക്രൈസ്തവര്‍ക്ക് നേരെ നടത്തിയ കൊലവിളിയെ തള്ളിപ്പറയാന്‍ പോലും തയ്യാറാകാതെ ഒളിച്ചുകളി നടത്തുന്നു. സാംഗ്ലിളിയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ വിജയിച്ച ഗോപിചന്ദ് പടാല്‍ക്കറാണ് ക്രിസ്ത്യാനികളുടെ തല അടിച്ചു പൊളിക്കുന്നവര്‍ക്ക് മൂന്ന് ലക്ഷം മുതല്‍ 11 ലക്ഷം രൂപ വരെ പ്രതിഫലം വാഗ്ദാനം ചെയ്ത് രംഗത്ത് വന്നത്. പൊതുമധ്യത്തില്‍ രാജ്യത്തെ ജനസംഖ്യയില്‍ ഏറ്റവും ചെറിയ വിഭാഗമായ ക്രൈസ്തവര്‍ക്കെതിരെ കൊലവിളി നടത്തിയ വ്യക്തിക്കെതിരെ ഒരു പെറ്റിക്കേസുപോലും ചുമത്താന്‍ മഹാരാഷ്ട്ര പോലീസ് തയ്യാറായിട്ടില്ല. കേരളത്തിലെ ബിജെപി നേതാക്കളോ കേന്ദ്രമന്ത്രിമാരോ കൊലവിളി വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. തീവ്രഹിന്ദുത്വ നിലപാട് പുലര്‍ത്തുന്ന ഗോപിചന്ദ് പടാല്‍ക്കര്‍ വധശ്രമമുള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ്.

ഗോപിചന്ദ് പടാല്‍ക്കറുടെ പ്രസ്താവനക്കെതിരെ ഇക്കഴിഞ്ഞ ദിവസം മുംബൈ ആസാദ് മൈതാനിയില്‍ വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളുടെ പ്രതിഷേധയോഗം നടന്നു. പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ അവര്‍ക്ക് പിന്തുണയുമായി ആസാദ് മൈതാനത്ത് എത്തിയിരുന്നു. മതന്യൂനപക്ഷങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കുക, ഭീഷണിപ്പെടുത്തി അടിച്ചമര്‍ത്തുക, എന്നത് ബിജെപിയുടെ നയമാണെന്ന് ക്രൈസ്തവ സഭാ നേതാക്കള്‍ ആരോപണം ഉന്നയിച്ചു. ഗോപിചന്ദ് പടാല്‍ക്കറിനെതിരേ ക്രിമിനല്‍ കുറ്റം ചുമത്തണമെന്ന് മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ അധികാരികളോട് ആവശ്യപ്പെട്ടിട്ടും ഫഡ്‌നാവിസ് സര്‍ക്കാര്‍ അനങ്ങിയിട്ടില്ല.

ഗോപി ചന്ദിന്റെ പ്രസ്താവനക്കെതിരെ പ്രതികരിക്കാന്‍ സംസ്ഥാനത്ത് നിന്നുള്ള കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയോ ജോര്‍ജ് കുര്യനോ തയ്യാറായിട്ടില്ല. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ വടക്കേ ഇന്ത്യയില്‍ നടക്കുന്ന ക്രൈസ്തവ വേട്ടക്കെതിരെയോ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേയോ ‘കമാ’ എന്നൊരക്ഷരം മിണ്ടാറില്ല. 2026 ല്‍ സംസ്ഥാനത്ത് ഭരണം പിടിക്കുമെന്ന് അമിത് ഷാ അവകാശപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ ഇരട്ടതാപ്പ് ചര്‍ച്ചയാകുന്നത്.
വിദേശ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച അനധികൃത പള്ളികളിലൂടെ ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുണ്ടെന്ന് ബിജെപി എംഎല്‍എമാരായ അനുപ് അഗര്‍വാള്‍, സുധീര്‍ മുന്‍ഗന്തിവാര്‍, സഞ്ജയ് കുട്ടെ, ഗോപിചന്ദ് പടാല്‍ക്കര്‍ എന്നിവര്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു. മതംമാറിയവര്‍ക്ക് പട്ടികജാതി (എസ്സി) വിഭാഗക്കാര്‍ക്കുള്ള ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് തടയാന്‍ സംവിധാനം ഒരുക്കണമെന്നും ബി.ജെ.പി എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. വിവിധ പഞ്ചായത്തുകളിലായുള്ള 199 അനധികൃത പളളികള്‍ പൊളിച്ചു നീക്കുമെന്ന് റവന്യൂ മന്ത്രി മഹാരാഷ്ട്ര നിയമസഭയില്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തെ ക്രൈസ്തവരോടുള്ള ബിജെപിയുടെ സമീപനത്തില്‍ ഇരട്ടത്താപ്പെന്ന് കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം വിമര്‍ശിച്ചിരുന്നു. രാജ്യത്തെ ക്രൈസ്തവ പീഡനങ്ങളോട് അരുതെന്നു പറയാതെയാണ് 2026-ല്‍ കേരളത്തില്‍ ഭരണം പിടിക്കാന്‍ ബിജെപി കച്ചകെട്ടിയിറങ്ങിയിരിക്കുന്നതെന്നും പത്രം വിമര്‍ശിച്ചു. ഗോവയിലും കേരളത്തിലുമുള്‍പ്പെടെ ക്രൈസ്തവരോടൊപ്പമാണെന്ന പ്രതീതി ജനിപ്പിക്കുന്ന ബിജെപി, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രൈസ്തവ പീഡനങ്ങള്‍ക്ക് ഒത്താശചെയ്യുകയാണെന്നും എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു. നാളിത് വരെ കേരളത്തിലെ ബിജെപി നേതാക്കളാരും തന്നെ ക്രൈസ്തവ പീഡനങ്ങളെ അപലപിക്കാനോ, സംഘപരിവാര്‍ സംഘടനകളുടെ അക്രമങ്ങളെ തള്ളിപ്പറയാനോ തയ്യാറായിട്ടില്ല. അതിനുള്ള സാധ്യതയും വിരളമാണ്. അപരമത വിദ്വേഷം പടര്‍ത്തി ക്രിസ്ത്യാനികളെ ഒപ്പം നിര്‍ത്താനാണ് കേരളത്തില്‍ ബിജെപി ശ്രമിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here