ഇരകൾ നിരവധി; സംസ്‌കൃത അധ്യാപകന്റെ ഫോണിൽ കുട്ടികളുടെ ദൃശ്യങ്ങൾ; മലമ്പുഴ പീഡനക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മലമ്പുഴയിൽ വിദ്യാർത്ഥിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അധ്യാപകനെക്കുറിച്ച് ഞെട്ടിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. റിമാൻഡിൽ കഴിയുന്ന സംസ്കൃതം അധ്യാപകൻ അനിലിന്റെ മൊബൈൽ ഫോണിൽ നിന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ അന്വേഷണ സംഘം കണ്ടെടുത്തു. സംഭവത്തിൽ കൂടുതൽ കുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായതായാണ് പുറത്തുവരുന്ന വിവരം.

ഫോൺ സൈബർ ക്രൈം വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ദൃശ്യങ്ങൾ പീഡനത്തിനിരയായ കുട്ടികളുടേതാണോ എന്ന് വ്യക്തമാകാൻ വിശദമായ പരിശോധന നടത്തും. ഈ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്തോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. സി.ഡബ്ല്യു.സി നടത്തിയ കൗൺസിലിംഗിനിടെ അഞ്ച് വിദ്യാർത്ഥികൾ അധ്യാപകനെതിരെ മൊഴി നൽകിയിട്ടുണ്ട്. സ്കൂളിനകത്ത് വെച്ചും അധ്യാപകൻ താമസിക്കുന്ന സ്ഥലത്ത് എത്തിച്ചും ലൈംഗിക അതിക്രമങ്ങൾ നടത്തിയെന്നാണ് കുട്ടികളുടെ വെളിപ്പെടുത്തൽ.

Also Read : ആറാം ക്ലാസുകാരന് മദ്യം നൽകി പീഡിപ്പിച്ചു; മലമ്പുഴയിൽ സ്കൂൾ അധ്യാപകൻ പിടിയിൽ

യു.പി ക്ലാസുകളിലെ ആൺകുട്ടികളാണ് പ്രധാനമായും പീഡനത്തിനിരയായത്. അഞ്ച് വിദ്യാർത്ഥികളുടെ പരാതിയിൽ മലമ്പുഴ പോലീസ് അഞ്ച് വെവ്വേറെ കേസുകൾ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ സ്കൂളിലെ പ്രധാനാധ്യാപികയ്ക്കും ക്ലാസ് ടീച്ചർക്കും വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് നൽകിയിരുന്നു. ഇതിന് മറുപടി നൽകേണ്ട അവസാന തീയതി ഇന്നാണ്. കുട്ടികൾക്കും രക്ഷിതാക്കൾക്കുമുള്ള കൗൺസിലിംഗ് തുടരുകയാണ്.

2025 നവംബർ 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത ആറാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ തന്റെ വാടക ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി. അവിടെ വെച്ച് കുട്ടിക്ക് മദ്യം നൽകിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി വിവരം തന്റെ ഒരു സുഹൃത്തിനോട് പറഞ്ഞു. ആ സുഹൃത്ത് തന്റെ അമ്മയെ വിവരമറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഡിസംബർ 18-ഓടെ തന്നെ സ്കൂൾ അധികൃതർ വിവരമറിഞ്ഞിരുന്നു. വിവരം ലഭിച്ചിട്ടും സ്കൂൾ അധികൃതർ പോലീസിനെയോ ചൈൽഡ് ലൈനെയോ അറിയിക്കാൻ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ 2026 ജനുവരി 4-നാണ് അനിലിനെ പോലീസ് അറസ്റ്റ് ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top