ചാരക്കേസ് കെട്ടിചമച്ചത്; തുറന്നെഴുതി മനോരമ മുന്‍ ലേഖകൻ!! ‘കോണ്‍ഗ്രസിലെ ചിലര്‍ കരുണാകരനെ ഒതുക്കാന്‍ കേസിനെ ഉപയോഗിച്ചു’

കാലങ്ങളോളം കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിചമച്ചതാണെന്ന വെളിപ്പെടുത്തലുമായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയത്തിന്റെ പുസ്തകം വരുന്നു. മലയാള മനോരമക്കായി ഈ വിഷയം റിപ്പോര്‍ട്ട് ചെയ്ത മാധ്യപ്രവര്‍ത്തകനാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ചാരക്കേസും അതിനെ ചുറ്റിപറ്റിയുള്ള കഥകളുമെല്ലാം വ്യാജമായിരുന്നു എന്ന് തുറന്ന് എഴുതുന്നത്. അന്ന് ഈ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് വലിയ വീഴ്ച വന്നുവെന്നും ‘ചാരം’ എന്ന് പേരിട്ടെഴുതിയ പുസ്തകത്തിൽ അദ്ദേഹം തുറന്നു സമ്മതിക്കുന്നു. ദേശാഭിമാനിയാണ് ചാരക്കസ് ആദ്യമായി റിപ്പോർട്ട് ചെയ്തതെന്നും ജോൺ എഴുതുന്നു.
എസ്ഐ ആയിരുന്ന എസ് വിജയന്റെ വീഴ്ചയിൽ നിന്നാണ് കേസിൻ്റെ തുടക്കം എന്നാണ് ജോണ്‍ മുണ്ടക്കയം പറയുന്നത്. പ്രതികളാക്കപ്പെട്ട പലരും കേസുമായി ഒരു ബന്ധവും ഇല്ലാത്തവരാണ്. മറിയം റഷീദ, ഫൗസിയ ഹസന്‍ എന്നിവരുമായുണ്ടായ ബന്ധത്തിൻ്റെ പേരില്‍ മാത്രം ചിലര്‍ പ്രതികളായി. മറിയം റഷീദയുടെ ഡയറിയാണ് ചാരക്കേസായി ഇതിനെ പൊലിപ്പിച്ച് എടുക്കാന്‍ ഉപയോഗിച്ചത്. ഐബിയിലെ അടക്കം ഉദ്യോഗസ്ഥർ നല്‍കിയ വിവരങ്ങൾ വിശ്വസിച്ചതാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് വന്ന വീഴ്ച. വലിയ പരിശോധനകളില്ലാതെ ഈ കഥകള്‍ വാര്‍ത്തകളായി അടിച്ചുവന്നു എന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.

രാഷ്ട്രീയമായി നടന്ന മുതലെടുപ്പാണ് കേസിന് മറ്റൊരു മാനം നൽകിയത്. കോണ്‍ഗ്രസിലേയും പോലീസിലേയും തര്‍ക്കങ്ങളുടെ പേരിൽ പേരിൽ പക വീട്ടാനായി ചിലർ ഈ കേസിനെ സമര്‍ത്ഥമായി ഉപയോഗിച്ചു. ഐജി ആയിരുന്ന രമണ്‍ ശ്രീവാസ്തവ തീര്‍ത്തും നിരപരാധിയാണ്. കെ കരുണാകരനെ ലക്ഷ്യമിട്ട് കോണ്‍ഗ്രസിലെ ചിലര്‍ നടത്തിയ രാഷ്ട്രീയ നീക്കങ്ങളാണ് ശ്രീവാസ്തവയെ ആരോപണ നിഴലിലേക്ക് കൊണ്ടുവന്നതും, അങ്ങനെയെല്ലാം കേസിനെ വലുതാക്കിയത്. അല്ലാതെ ഐഎസ്‌ആർഒയുടെ ഒരു രഹസ്യവും ആരും ചോര്‍ത്തിയിട്ടില്ല. ഒരു ചാരവൃത്തിയും നടന്നിട്ടില്ലെന്നും ജോണ്‍ മുണ്ടക്കയം പുസ്തകത്തില്‍ ഉറപ്പിച്ച് പറയുന്നു.
Also Read: ഐഎസ്ആര്‍ഒ ചാരക്കേസ് പോലീസ് സൃഷ്ടി എന്ന് സിബിഐ; നമ്പി നാരായണന്റെ അറസ്റ്റ് തെളിവില്ലാതെ
ചാരക്കേസ് പോലൊരു കേസ് കേരളത്തിലെ പോലീസിനും മാധ്യമങ്ങള്‍ക്കും പുതിയ അനുഭവം ആയിരുന്നു. അതുകൊണ്ട് തന്നെ അന്വേഷണത്തില്‍ വലിയ വീഴ്ചകളുണ്ടായി. അന്വേഷണസംഘം നൽകിയ കഥകള്‍ അതുപോലെ അടിച്ചത് മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടായ തെറ്റാണ്. മലയാള മനോരമ ആദ്യം വലിയ മുന്‍കരുതലോടെയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ രാഷ്ട്രീയമായും അല്ലാതെയും വലിയ വിവാദമായി മാറിയപ്പോൾ മാറിയപ്പോൾ അതിന് പിന്നാലെ പോകേണ്ടി വന്നുവെന്നും ജോണ്‍ മുണ്ടക്കയം മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. പുസ്തകത്തില്‍ ഇതെല്ലാം തുറന്ന് എഴുതിയിട്ടുണ്ട്.

മാധ്യമ പ്രവർത്തകനും സിനിമാ സംവിധായകനുമായ പ്രജേഷ് സെൻ എഴുതിയ നമ്പി നാരായണൻ്റെ ആത്മകഥ അടക്കം ചാരക്കേസിനെക്കുറിച്ച് പുസ്തകങ്ങള്‍ പലതും വന്നിട്ടുണ്ട്. എന്നാല്‍ ഈ കേസ് അക്കാലത്ത് റിപ്പോര്‍ട്ട് ചെയ്ത ജേണലിസ്റ്റ് തന്നെ അതിലെ വീഴ്ചകൾ തുറന്നുപറയുന്നു എന്നതാണ് ജോൺ മുണ്ടക്കയത്തിൻ്റെ പുസ്തകത്തിൻ്റെ പ്രത്യേകത. ഇതിലൂടെ അക്കാലത്തെ മാധ്യമങ്ങൾ വീണ്ടും പ്രതിക്കൂട്ടിലാകുന്ന സാഹചര്യം ഉരുത്തിരിഞ്ഞേക്കാം. റിപ്പോർട്ടറായി തുടങ്ങി, പിന്നീട് മനോരമയുടെ തിരുവനന്തപുരം ബ്യൂറോ ചീഫും ആയി അടുത്തകാലത്താണ് ജോൺ വിരമിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here