ആഷിഖിൻ്റെ ജീവിതം മാറിയില്ല, പക്ഷെ എൻ്റേത്…വിവാഹം ട്രാപ്പാണ്; ഒപ്പിട്ടതിൽ കുറ്റബോധമുണ്ട്: റിമ കല്ലിങ്കൽ

മലയാള സിനിമയിലെ താരവും നിലപാടുകളിലെ തീപ്പൊരിയുമായ റിമ കല്ലിങ്കൽ വിവാഹമെന്ന സംവിധത്തെ കുറിച്ച് നടത്തിയ ഏറ്റവും പുതിയ പരാമർശങ്ങൾ സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലും ചർച്ചയായിരിക്കുകയാണ്. “സ്ത്രീകൾക്ക് വേണ്ടിയല്ല വിവാഹം എന്ന സിസ്റ്റം ഡിസൈൻ ചെയ്തിരിക്കുന്നത്, അത് പുരുഷന്മാർ സ്ത്രീകൾക്ക് വേണ്ടി ഉണ്ടാക്കിയ ട്രാപ്പാണ്” റിമ പറഞ്ഞു. സംവിധായകൻ ആഷിഖ് അബുവുമായുള്ള വിവാഹക്കരാറിൽ ഒപ്പിട്ടതിൽ തനിക്ക് ഇപ്പോഴും കുറ്റബോധമുണ്ടെന്നും ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ വെളിപ്പെടുത്തി.
വിവാഹക്കരാറിൽ ഒപ്പിട്ടതിൽ തനിക്ക് ഇപ്പോഴും കുറ്റബോധമുണ്ട്. ഒരാളെ പ്രണയിക്കാനും ഒരുമിച്ച് ജീവിക്കാനും മറ്റൊരാളുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും റിമ കല്ലിങ്കൽ പറഞ്ഞു. വിവാഹത്തിനു ശേഷവും ആഷിഖിൻ്റെ ജീവിതത്തിൽ കാര്യമായ മാറ്റം വന്നില്ല, എന്നാൽ തൻ്റെ ജീവിതം മാറിമറിഞ്ഞു എന്നാണ് റിമയുടെ പക്ഷം. “ഈ സിസ്റ്റം നമ്മുടെ ജീവിതത്തിൽ ഒന്നും കൂട്ടിച്ചേർക്കുന്നില്ല, പക്ഷേ പ്രശ്‌നങ്ങൾ ഒരുപാട് ഉണ്ടാക്കുന്നു. അത് വിവാഹം കഴിഞ്ഞപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്.”
Also Read : പുതിയ സിനിമാ സംഘടനക്കായി നീക്കം; ചലച്ചിത്ര പ്രവർത്തകരെ സമീപിച്ച് അണിയറക്കാർ
തലമുറകളായി സമൂഹത്തിൽ നിലനിൽക്കുന്ന ചില അദൃശ്യമായ കണ്ടീഷനിംഗും ‘മെസേജിങ്ങും’ ഈ സിസ്റ്റത്തിനൊപ്പം വരുന്നു. ഇങ്ങനെയൊക്കെ ആയിരിക്കണം എന്നൊരു ധാരണ അന്തരീക്ഷത്തിൽ ഉണ്ട്.”ഒരു പരിധി വരെ ഞാനും പലപ്പോഴും റോൾ പ്ലേ ചെയ്തു പോയിരുന്നു. പിന്നീടാണ് ‘എന്തിനാണ് ഞാൻ ഇതൊക്കെ ചെയ്യുന്നത്? എന്നോടിതാരും പറഞ്ഞിട്ടില്ലല്ലോ?’ എന്നൊക്കെ ചിന്തിക്കുന്നത്.” വിവാഹമെന്ന സിസ്റ്റം തനിക്ക് വർക്കൗട്ട് ആകുന്നില്ലെങ്കിലും, ആഷിഖ് അബുവുമായുള്ള ബന്ധം കൂടുതൽ സുന്ദരമായി മാറിയെന്നും റിമ പറഞ്ഞു.
“ഞാനും ആഷിഖും പണ്ട് പ്രേമിച്ചിരുന്നതിനേക്കാൾ സുന്ദരമായിട്ടാണ് ഇപ്പോൾ പ്രണയിക്കുന്നത്. അവിടെ വിവാഹത്തിന്റെ ആവശ്യമില്ലെന്നാണ് ഞങ്ങൾ മനസിലാക്കുന്നത്.”വിവാഹത്തെക്കുറിച്ചുള്ള റിമയുടെ ഈ തുറന്നുപറച്ചിൽ, യാഥാസ്ഥിതിക ചിന്തകളെ ചോദ്യം ചെയ്യുന്നതും, കേരളത്തിലെ യുവതലമുറ ചർച്ച ചെയ്യുന്നതുമായ വിഷയമായി മാറിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ റിമയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകൾ സജീവമാവുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here