അനില്‍കുമാർ ഹൂതികളുടെ പിടിയിലോ? ചെങ്കടലിൽ ചാടിയ മലയാളയെ കാണാനില്ല

ഈ മാസം ഏഴിനായിരുന്നു യെമൻ തീരത്തിന് സമീപം ചെങ്കടലിൽ എന്റർനിറ്റി സി എന്ന കപ്പലിന് നേരെ ഹൂതികൾ ആക്രമണം നടത്തിയത്. ആക്രമണ സമയത്ത് 21 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. പെട്ടെന്നുണ്ടായ ഹൂതികളുടെ ആക്രമണത്തെ തുടർന്ന് ജീവനക്കാർ കടലിലേക്ക് ചാടുകയായിരുന്നു. ജീവനക്കാരിൽ രണ്ടു മലയാളികളായിരുന്നു. അതിൽ കായംകുളം പത്തിയൂര്‍ സ്വദേശി ശ്രീജാലയത്തില്‍ അനില്‍കുമാറിനെ കാണാതായെന്ന വാർത്തയാണ് ആക്രമണം കഴിഞ്ഞ് പത്താം ദിവസം പുറത്ത് വരുന്നത്.
സൗദിയിലെ ഇന്ത്യൻ എംബസിയാണ് അനില്‍കുമാറിനെ കാണാനില്ലെന്ന വാർത്ത കുടുംബത്തെ അറിയിച്ചത്. അനിൽ കുമാറിന് പുറമെ തിരുവനന്തപുരം പാറശാല സ്വദേശി അഗസ്റ്റിൻ മാത്രമാണ് കപ്പലിലുണ്ടായിരുന്ന മറ്റൊരു ഇന്ത്യക്കാരൻ. ഹൂതി വിമതർ ആക്രമിച്ചപ്പോൾ റഷ്യൻ സ്വദേശിയായ ക്യാപ്റ്റനും അനിലും അഗസ്റ്റിനും ലൈഫ് ജാക്കറ്റ് ഇട്ട് കടലിലേക്ക് ചാടിയിരുന്നു. ക്യാപ്റ്റനെയും അഗസ്റ്റിനെയും രക്ഷപ്പെടുത്തിയെങ്കിലും അനിലിനെ കുറിച്ചുള്ള ഒരു വിവരം ലഭിച്ചില്ല.
Also Read : ഭയംകൊണ്ട് യുഎസ് നേവിക്ക് പറ്റിയത് വന്‍ അബദ്ധം; ഹൂതികളെ പേടിച്ച് വെടിവച്ചിട്ടത് സ്വന്തം വിമാനം
കപ്പലിലുണ്ടായിരുന്ന ഒൻപത് ജീവനക്കാരെ ഹൂതികൾ തട്ടിക്കൊണ്ടുപോയതായി വിവരമുണ്ട്. ഇതിൽ അനിൽകുമാർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയമുണ്ട്. അങ്ങനെയാണെങ്കിൽ ഹൂതികളുടെ തടവിലാകും അനിൽകുമാർ. അതേസമയം രക്ഷപ്പെട്ട പാറശാല സ്വദേശി അഗസ്റ്റിൻ ഇന്നലെ നാട്ടിലെത്തി. അഗസ്റ്റിനെ കണ്ടാൽ കൂടുതൽ വിവരങ്ങൾ അറിയാമെന്ന പ്രതീക്ഷയിലാണ് അനിലിൻ്റെ ബന്ധുക്കൾ.
ഭര്‍ത്താവിനെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യർഥിച്ച് അനിൽകുമാറിന്റെ ഭാര്യ ശ്രീജ കേന്ദ്ര സര്‍ക്കാരിനെയും, കെസി വേണുഗോപാല്‍ എംപിയെയും സമീപിച്ചു. അനിൽകുമാറിനെ കണ്ടെത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാൽ എംപി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്ത് നൽകിയിട്ടുണ്ട്. പ്രത്യാശ നിറഞ്ഞ ഒരു വാർത്തയ്ക്ക് വേണ്ടി കുടുംബവും നാടും കാത്തിരിക്കുകയാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here