ബെംഗളൂരുവില്‍ മലയാളി ദമ്പതികളുടെ ചിട്ടി തട്ടിപ്പ്; ഉയര്‍ന്ന പലിശ വാഗ്ദാനം; തട്ടിയ 100 കോടിയില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ളവരുടെ

ചിട്ടി തട്ടിപ്പ് കേരളത്തില്‍ പതിവ് കാര്യമാണ്. മലയാളികള്‍ ഏറെയുള്ള ബെംഗളൂരുവില്‍ 100 കോടിയുടെ തട്ടിപ്പ് നടത്തിയിരിക്കുകയാണ് ഒരു മലയാളി ദമ്പതികള്‍. ടോമി എ.വര്‍ഗീസ്, ഭാര്യ ഷൈനി ടോമി എന്നിവരാണ് ആസൂത്രിതമായി തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇവര്‍ മുങ്ങി ദിവസങ്ങള്‍ കഴിഞ്ഞാണ് പണം പോയ കാര്യം നിക്ഷേപകര്‍ തിരിച്ചറിഞ്ഞത്. പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

രാമമൂര്‍ത്തിനഗറില്‍ എ ആന്‍ഡ് എ ചിറ്റ് ഫണ്ട്‌സ് എന്ന പേരിലായിരുന്നു ദമ്പതികള്‍ ചിട്ടി സ്ഥാപനം നടത്തിയിരുന്നത്. 25 വര്‍ഷമായി ഇവര്‍ കുടുംബമായി ഇവിടെയാണ് താമസിച്ചിരുന്നത്. ആദ്യം അഞ്ച് ലക്ഷം രൂപ വരെയുളള ചിട്ടികള്‍ നടത്തിയായിരുന്നു തുടക്കം. ഇടപാടുകാരുടെ വിശ്വാസം നേടിയതോടെ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപങ്ങള്‍ സ്വീകരിച്ചു തുടങ്ങി.

മലയാളികളാണ് ഇവരുടെ തട്ടിപ്പിന് ഇരയായവരില്‍ ഭൂരിഭാഗവും. തദ്ദേശിയരും തട്ടിപ്പിന് ഇരയായിട്ടുണ്ട്. 70 ലക്ഷം രൂപ നഷ്ടപ്പെട്ടതായി സാവിയോ എന്നയാള്‍ പോലീസ്ൽ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തു വന്നത്. പിന്നാലെ 265 പേര്‍ ഇതുവരെ പൊലീസിനെ സമീപിച്ചിട്ടുണ്ട്.

നിലവിലെ പരാതികളുടെ അടിസ്ഥാനത്തില്‍ 40 കോടിയിലധികം രൂപയുടെ തട്ടിപ്പിന് പരാതി ലഭിച്ചിട്ടുണ്ട്. ഇത് നൂറു കോടിക്ക് മുകളില്‍ എത്തുമെന്നാണ് പൊലീസ് കണക്കാക്കുന്നത്. ബന്ധുവിനു സുഖമില്ലാത്തതിനാല്‍ ആലപ്പുഴയിലേക്ക് പോകുന്നു എന്ന് അറിയിച്ചാണ് ദമ്പതികള്‍ മുങ്ങിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top