പ്രാർത്ഥനാ യോഗത്തിനിടെ അപ്രതീക്ഷിത അറസ്റ്റ്; മലയാളി പുരോഹിതനും ഭാര്യയും ഉൾപ്പെടെ 12 പേർ പിടിയിൽ

മഹാരാഷ്ട്രയിലെ നാഗ്‌പൂരിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും ഉൾപ്പെടെ 12 പേർ അറസ്റ്റിൽ. സിഎസ്ഐ ദക്ഷിണ കേരള മഹായിടവക നാഗ്പൂർ മിഷനിലെ പുരോഹിതൻ ഫാദർ സുധീർ, ഭാര്യ ജാസ്‌മിൻ എന്നിവരും കൂടെയുണ്ടായിരുന്ന മറ്റുള്ളവരുമാണ് അറസ്റ്റിലായത്. ഫാദർ സുധീർ തിരുവനന്തപുരം അമരവിള സ്വദേശിയാണ്.
കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ നാഗ്‌പൂരിലെ ഷിംഗോഡിയിൽ ക്രിസ്മസ് പ്രാർത്ഥനാ യോഗം നടക്കുമ്പോഴാണ് സംഭവം. ബജ്‌റംഗ്‌ദൾ പ്രവർത്തകരുടെ പരാതിയെത്തുടർന്നാണ് ബെനോഡ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. വൈദികനും ഭാര്യയും കൂടാതെ ബാക്കിയുളള പത്തോളം പേർ മഹാരാഷ്ട്ര സ്വദേശികളാണ്.
ഇവരെ കാണാൻ പോലീസ് സ്റ്റേഷനിൽ എത്തിയവർക്കെതിരെയും കേസെടുത്തതായാണ് വിവരം. ഫാദർ സുധീർ കഴിഞ്ഞ അഞ്ചു വർഷമായി മഹാരാഷ്ട്രയിൽ മിഷൻ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു. സംഭവത്തിൽ സഭാനേതൃത്വം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here