മെനോപോസ് സംഭവിക്കുന്ന ആണുങ്ങൾ!! പുരുഷൻമാരിലെ ആർത്തവവിരാമം

ആൻഡ്രോപോസ് എന്നത് സ്ത്രീകളിലെ മെനോപോസ് പോലെ ഹോർമോൺ ഉത്പാദനം പൂർണ്ണമായി നിലയ്ക്കുന്ന അവസ്ഥയല്ല. മറിച്ച്, ഏകദേശം 40-55 വയസ്സിനു ശേഷം പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിൻ്റെ അളവ് ക്രമേണ കുറയുന്ന പ്രക്രിയയാണിത്. ഈ ഹോർമോൺ കുറവ് കാരണം പുരുഷന്മാരിൽ ശാരീരികവും മാനസികവുമായ പ്രശ്ങ്ങൾ ഉടലെടുക്കുന്നു. ശരിയല്ലാത്ത ജീവിതക്രമവും മദ്യപാനവും പുകവലിയും പോലുള്ള ദുശ്ശീലങ്ങളും പലപ്പോഴും യുവാക്കളെ പോലും ഇത്തരം ഒരു അവസ്ഥയിലേക്ക് വഴിതെളിക്കാറുണ്ട്. നമുക്ക് നോക്കാം എന്താണ് ആൻഡ്രോപോസിൻ്റെ കാരണവും ലക്ഷണവും പരിഹാരവുമെന്ന്.

പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിൽ ഉണ്ടാകുന്ന കുറവ് തന്നെയാണ് ആൻഡ്രോപോസിൻ്റെ പ്രധാന കാരണം. ടെസ്റ്റോസ്റ്റിറോൺ ആണ് പുരുഷന്മാരിലെ പേശീബലം, ലൈംഗിക താൽപര്യം, ഊർജ്ജസ്വലത എന്നിവ നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഹോർമോൺ. 40 വയസ്സിന് ശേഷം, ഓരോ വർഷവും ഏകദേശം 1% മുതൽ 2% വരെ ഈ ഹോർമോണിൻ്റെ അളവ് കുറഞ്ഞുവരാം. ജീവിതശൈലിയിലെ പ്രശ്നങ്ങളോ മറ്റ് രോഗങ്ങളോ ഉണ്ടെങ്കിൽ ഈ കുറവ് വേഗത്തിലാവാം.

Also Read : സ്കൂൾ കുട്ടികൾക്കുള്ള ആർത്തവ നയം അംഗീകരിച്ചതായി കേന്ദ്രം; ലക്ഷ്യങ്ങൾ സുപ്രീം കോടതിയെ അറിയിച്ചു

ആൻഡ്രോപോസ് ബാധിക്കുമ്പോൾ പുരുഷന്മാർ നേരിടുന്ന പ്രശ്നങ്ങൾ പലതാണ്. ശാരീരികവും മാനസികവുമായി ഇത് പുരുഷന്മാരെ ബുദ്ധിമുട്ടിക്കുന്നു. കടുത്ത ക്ഷീണം, ഊർജ്ജക്കുറവ്, അസ്ഥിബലക്കുറവ്, ഉറക്കക്കുറവ് എന്നിവയാണ് പ്രധാന പ്രശ്നങ്ങൾ. കൂടാതെ ഇക്കൂട്ടരിൽ ലൈംഗിക താൽപര്യം കുറയും. പെട്ടെന്നുള്ള ദേഷ്യം, അസ്വസ്ഥത, ശ്രദ്ധക്കുറവ്, ഓർമ്മക്കുറവ്, ഉത്കണ്ഠ, വിഷാദ ലക്ഷണങ്ങൾ തുടങ്ങിയ മാനസിക പ്രശ്ങ്ങളും ആൻഡ്രോപോസ് അനുഭവിക്കുന്ന പുരുഷന്മാർ പ്രകടിപ്പിച്ചേക്കാം .

പലരും ഈ ക്ഷീണവും ദേഷ്യവും പ്രായത്തിൻ്റെ അസ്വസ്ഥകളുടെ ഭാഗമായി കാണുകയും വേണ്ട ശ്രദ്ധ നൽകാതിരിക്കുകയും ചെയ്യുന്നു. ഇത് പ്രശ്നം കൂടുതൽ വഷളാക്കുകയും പുരുഷന്മാരെ വളരെ വേഗം വാർദ്ധക്യത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ചികിത്സ തേടുന്നതിന് മുൻപ്, ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഇതിനെ ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കും. പേശീബലം നിലനിർത്താനും ടെസ്റ്റോസ്റ്റിറോൺ അളവ് വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഭാരം ഉപയോഗിച്ചുള്ള വ്യായാമങ്ങൾ ശീലമാക്കുക എന്നതാണ് പ്രധാന പ്രതിവിധി. പോഷകസമൃദ്ധമായ ആഹാരം കഴിക്കുക. അമിതമായി സംസ്കരിച്ച ഭക്ഷണങ്ങളും പഞ്ചസാരയും ഒഴിവാക്കുക. ധ്യാനം, യോഗ പോലുള്ള കാര്യങ്ങളിലൂടെ മാനസിക സമ്മർദ്ദം കുറയ്ക്കുക. എന്നിവയൊക്കെയാണ് പ്രതിവിധിയായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Also Read : കേരളത്തിൽ ആത്മഹത്യ ചെയ്യുന്നതിൽ 79 ശതമാനവും പുരുഷന്മാർ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ഹോർമോൺ കുറവ് ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെങ്കിൽ, തീർച്ചയായും ഡോക്ടറെ സമീപിക്കണം. ഡോക്ടർമാർ സാധാരണയായി രക്തപരിശോധന വഴി ടെസ്റ്റോസ്റ്റിറോണിൻ്റെ അളവ് കൃത്യമായി മനസ്സിലാക്കും. രാവിലെയാണ് സാധാരണയായി ഈ ടെസ്റ്റ് നടത്താറ്. ഹോർമോൺ അളവ് വളരെ കുറവാണെന്ന് കണ്ടെത്തിയാൽ, ഡോക്ടറുടെ നിർദ്ദേശപ്രകാരം ടെസ്റ്റോസ്റ്റിറോൺ റീപ്ലേസ്‌മെൻ്റ് തെറാപ്പി നടത്താം.

ആൻഡ്രോപോസ് എന്നത് വാർദ്ധക്യമല്ല, മറിച്ച് ഹോർമോൺ വ്യതിയാനം മൂലമുണ്ടാകുന്ന ഒരു പ്രത്യേക ശരീരികാവസ്ഥയാണ്. ജീവിതശൈലി മാറ്റങ്ങളിലൂടെയും ചികിത്സയിലൂടെയും ഈ പ്രശ്നങ്ങളെ മറികടക്കാൻ കഴിയും. മധ്യവയസ്സിൽ ഉണ്ടാകുന്ന ശാരീരിക, മാനസിക മാറ്റങ്ങൾ അവഗണിക്കരുത്. ആൻഡ്രോപോസ് എന്നത് ശരീരം നൽകുന്ന ഒരു വാണിംഗ് ബെൽ ആണ്. അത് വാർദ്ധക്യത്തിലേക്കുള്ള ടിക്കറ്റല്ല, മറിച്ച് ആരോഗ്യമുള്ള രണ്ടാം പകുതിയിലേക്കുള്ള ക്ഷണമാണ്. നമ്മുടെ ആരോഗ്യം അത് നമ്മുടെ ഉത്തരവാദിത്തമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top