37 സാക്ഷികള്‍ കൂറുമാറി; മാലെഗാവ് സ്‌ഫോടനക്കേസില്‍ പ്രജ്ഞ സിങ് ഠാക്കൂര്‍ ഉള്‍പ്പെടെ എല്ലാ പ്രതികളെയും വെറുതെ വിട്ടു

ബിജെപി മുന്‍ എംപി പ്രജ്ഞ സിങ് ഠാക്കൂര്‍ ഉള്‍പ്പെടെ മാലെഗാവ് സ്‌ഫോടനക്കേസിലെ ഏഴുപ്രതികളേയും വെറുതെവിട്ടു. പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും ഗൂഢാലോചന തെളിയിക്കാനായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎ കോടതി വിധി.പ്രജ്ഞ സിങ് ഠാക്കൂറിനെ കൂടാതെ ലഫ്. കേണല്‍ പ്രസാദ് പുരോഹിത്, വിരമിച്ച മേജര്‍ രമേശ് ഉപാധ്യായ, അജയ് രഹിര്‍ക്കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണി എന്നിവരെയാണ് വെറുതെവിട്ടത്.
2008 സെപ്റ്റംബര്‍ 29നാണ് നാസിക്കിന് അടുത്ത് മാലെഗാവില്‍ സ്‌ഫോടനം ഉണ്ടായത്. ആറുപേര്‍ മരിക്കുകയും നൂറിലേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ബൈക്കില്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കളാണു പൊട്ടിത്തെറിച്ചത്. 2011ലാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റംസാന്‍ മാസത്തില്‍ സ്‌ഫോടനം നടത്തിയതെന്നായിരുന്നു എന്‍ഐഎ കണ്ടെത്തല്‍ ഏറെ വിവാദമായിരുന്നു. എന്നാല്‍ ഇത് കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞില്ല.
323 സാക്ഷികളാണ് കേസില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ നിര്‍ണായകമായ 37 പേര്‍ കൂറുമാറി. സ്‌ഫോടനം നടന്ന് 17 വര്‍ഷത്തിനു ശേഷമാണ് വിധി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here