തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കിയത് പാവപ്പെട്ടവരുടെ വയറ്റത്തടിക്കുന്ന നടപടി; കേന്ദ്രത്തിനെതിരെ മല്ലികാർജുൻ ഖാർഗെ

കേന്ദ്ര സർക്കാരിന്റെ പുതിയ നയങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കാനുള്ള തീരുമാനം രാജ്യത്തെ പാവപ്പെട്ടവരുടെ ജീവിതം ദുസ്സഹമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു ഖാർഗെ.
തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കിയതിലൂടെ പാവപ്പെട്ടവരുടെ ഉപജീവനമാർഗ്ഗമാണ് ഇല്ലാതാക്കിയത്. ഇത് രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും വലിയ വെല്ലുവിളികളാണ് നേരിടുന്നത്. മോദി സർക്കാരിന്റെ തീരുമാനങ്ങളെല്ലാം കോർപ്പറേറ്റുകളെ സഹായിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.
Also Read : നുഴഞ്ഞുകയറ്റക്കാർ ആരുടെ വോട്ട് ബാങ്ക്? മോദിയും ഖാർഗെയും നേർക്കുനേർ!
വോട്ടുകൾ ഇല്ലാതാക്കാൻ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ഗൂഢാലോചന നടത്തുകയാണ്. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ അനാവശ്യമായി ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ കോൺഗ്രസ് പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.ക്രിസ്മസ് ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമങ്ങൾ ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായയെ ബാധിച്ചു. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന അതിക്രമങ്ങളെയും അദ്ദേഹം അപലപിച്ചു.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങാൻ ഖാർഗെ പ്രവർത്തകരോട് ആഹ്വാനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here