കൂട്ട ബലാത്സംഗത്തിലെ ഇരയെ പഴിച്ച് മമതാ ബാനർജി; പെൺകുട്ടികൾ രാത്രി പുറത്തിറങ്ങരുതെന്ന് നിർദേശം

പശ്ചിമബംഗാളിൽ എംബിബിഎസ് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായ കേസിൽ അതിജീവിതയെ പഴിച്ച് മുഖ്യമന്ത്രി മമതാ ബാനർജി. വിദ്യാർഥിനികൾ പ്രത്യേകിച്ച്, ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർ ഹോസ്റ്റൽ നിയമങ്ങൾ അനുസരിക്കണമെന്നും രാത്രി ഇറങ്ങി നടക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുർഗാപുരിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പഠിക്കുന്ന ഒഡീഷക്കാരിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. സുഹൃത്തിനൊപ്പം രാത്രി ഭക്ഷണത്തിന് ഇറങ്ങിയപ്പോഴാണ് ആക്രമിക്കപ്പെട്ടത്.
“എങ്ങനെയാണവൾ രാത്രി 12.30ന് ഹോസ്റ്റലിന് പുറത്തെത്തിയത്. പെൺകുട്ടികൾ സ്വയം സംരക്ഷിക്കണം. ഇതൊരു വനപ്രദേശമാണ്. എല്ലാവരെയും നിരീക്ഷിച്ചു കൊണ്ടിരിക്കാൻ പൊലീസിന് സാധിക്കില്ല. രാത്രിയിൽ ആരൊക്കെയാണ് പുറത്തിറങ്ങുന്നതെന്ന് കണ്ടെത്തി ഓരോ വീടിനു മുന്നിലും കാവലിരിക്കാൻ പൊലീസുകാർക്ക് സാധിക്കില്ല” -നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ മമത പറഞ്ഞു.
ഇത് ഞെട്ടിക്കുന്ന സംഭവമാണ്. മൂന്നു പേർ അറസ്റ്റിലായിട്ടുണ്ട്. മറ്റുള്ളവർക്കു വേണ്ടി തെരച്ചിൽ തുടരുകയാണ്. ആരെയും വെറുതേ വിടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പെൺകുട്ടി പഠിച്ചിരുന്ന സ്ഥാപനത്തിനും സംഭവത്തിൽ ഉത്തരവാദിത്തം ഉണ്ടെന്നും മമത കൂട്ടിച്ചേർത്തു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here