10 വയസ്സുകാരനെ അതിർത്തിയിൽ ഉപേക്ഷിച്ച് അച്ഛൻ; ക്രൂരത ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന്

ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിൽ മകനെ ഉപേക്ഷിച്ച ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഭാര്യയുമായുള്ള വഴക്കിനെ തുടർന്നാണ് 10 വയസ്സുകാരനായ മകനെ അച്ഛൻ വീട്ടിൽ നിന്ന് ഏറെ അകലെയുള്ള അതിർത്തിയിൽ ഉപേക്ഷിച്ചത്. അച്ഛനെതിരെ പൊലീസ് കേസെടുത്തു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബസിർഹട്ട് അതിർത്തിയിലാണ് സംഭവം നടന്നത്.

അതിർത്തിയിൽ ഉപേക്ഷിക്കപ്പെട്ട കുട്ടി ഭയന്ന് കരയാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ വിവരമറിയുന്നത്. കുട്ടിയുടെ ദുരവസ്ഥ കണ്ട പ്രദേശവാസികൾ ബസിർഹട്ട് പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥരെത്തി കുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും കുടുംബവുമായി ബന്ധപ്പെടുകയും ചെയ്തു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ കാത്പോൾ എന്ന സ്ഥലത്താണ് കുട്ടി താമസിക്കുന്നത്.

കുട്ടിയുടെ അച്ഛനായ പിൻ്റു ഘോഷും അമ്മ മാധവി ഘോഷും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ട്. അടുത്തിടെ തർക്കം രൂക്ഷമായപ്പോൾ, അമ്മ മകനെ ഭർതൃവീട്ടിലാക്കി സ്വന്തം വീട്ടിലേക്ക് പോയിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്.

സംഭവ ദിവസം രാത്രി പിൻ്റു ഘോഷ് മകനെയും കൊണ്ട് ഭാര്യയുടെ വീട്ടിലേക്ക് പോയി. എന്നാൽ, കുട്ടിയെ ഏറ്റെടുക്കാൻ അമ്മ തയ്യാറായില്ല. ഇതിൽ ദേഷ്യം വന്ന പിതാവ്, മകനെ ബസിർഹട്ട് അതിർത്തിയിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു.
കുട്ടിയുടെ വസ്ത്രങ്ങളടങ്ങിയ ബാഗുമായി ബൈക്കിൽ കയറ്റിയാണ് പിൻ്റു, അതിർത്തി പ്രദേശത്തേക്ക് പോയത്. അതിർത്തിക്ക് സമീപം എത്തിയപ്പോൾ മകനോട് ബൈക്കിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. പിന്നീട് കുട്ടിയെ അവിടെ തനിച്ചാക്കി പോവുകയായിരുന്നു.

അപരിചിതമായ സ്ഥലത്ത്,അതും കൊടും തണുപ്പിൽ രാത്രിയിൽ ഭയന്ന് നിലവിളിച്ച കുട്ടിയെ നാട്ടുകാർ എത്തിയാണ് സഹായിച്ചത്. അവർ കുട്ടിയെ ആശ്വസിപ്പിക്കുകയും ഭക്ഷണവും നൽകുകയും ചെയ്തു. പിന്നീടാണ് പൊലീസിൽ വിവരമറിയിച്ചത്. കുട്ടി പൊലീസിനോട് വിവരങ്ങൾ എല്ലാം പറയുകയും വീടിന്റെ വിലാസം നൽകുകയും ചെയ്തു. തുടർന്ന് സ്റ്റേഷനിൽ എത്തിയ അച്ഛനും അമ്മയ്ക്കും താക്കീത് നൽകിയാണ് കുട്ടിയെ അവരോടൊപ്പം വിട്ടയച്ചത്. ഇരുവർക്കും കൗൺസിലിംഗ് നൽകുമെന്നും പൊലീസ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top