മരണം വ്യാജമായി സൃഷ്ടിച്ച് നാടുവിട്ട് യുവാവ്; ഭാര്യയെ ഉപേക്ഷിച്ചത് കാമുകിയോടൊപ്പം ജീവിക്കാൻ

കാമുകിയോടൊപ്പം ജീവിക്കാൻ സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് യുഎസിലെ ഒരു യുവാവ്. 40 കാരനായ റയാൻ ബോർഗ്‌വാർഡിനെയാണ് പൊലീസ് പിടികൂടിയത്. കുടുംബത്തെ ഉപേക്ഷിച്ചാണ് ഇയാൾ കാമുകിയോടൊപ്പം ജീവിക്കാൻ നാടുവിട്ടത്. കോടതിയിൽ ഹാജരാക്കവേ താൻ ചെയ്തത് തെറ്റാണെന്ന് സമ്മതിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.

എന്നാൽ യുവാവിന്റെ പ്രവർത്തി സ്വാർത്ഥ താല്പര്യമാണെന്നാണ് കോടതിയുടെ വിലയിരുത്തൽ. ഇയാൾ കാരണം കുടുംബത്തിന് മാത്രമല്ല അധികൃതർക്കും നാശനഷ്ടങ്ങൾ ഉണ്ടായി. അതിനാൽ റയാന്റെ മരണം അന്വേഷിക്കാൻ പൊലീസ് പാഴാക്കിയ സമയം മുഴുവൻ ഇയാൾ ജയിൽ ശിക്ഷയായി അനുഭവിക്കണം. കൂടാതെ, നഷ്ടപരിഹാര തുകയായി മുപ്പതിനായിരം ഡോളർ നൽകാനും കോടതി ഉത്തരവിട്ടു.

കഴിഞ്ഞവർഷമാണ് റയാൻ കയാക്കിംഗ് യാത്രയ്ക്ക് പോയശേഷം കാണാതായത്. നദിയിൽ നിന്നും ഇയാളുടെ ലൈഫ് ജാക്കറ്റും കണ്ടെത്തിയിരുന്നു. തുടർന്ന് മുങ്ങി മരിച്ചെന്നാണ് കരുതിയത്. 50000 ഡോളർ ചെലവഴിച്ച് 8 ആഴ്ച നീണ്ടുനിന്ന തിരച്ചിലാണ് റയാന് വേണ്ടി നടത്തിയത്. കാണാതാവുന്നതിന് രണ്ടുമാസം മുമ്പ് ഇയാൾ ഉസ്ബെക്കിസ്ഥാനിൽ നിന്നുള്ള ഒരു യുവതിയുമായി ബന്ധപ്പെട്ടിരുന്നു. നിശ്ചയിച്ചിരുന്ന വന്ധ്യകരണ സർജറിയും മാറ്റിവെച്ചാണ് ഇയാൾ പാസ്പോർട്ടിന് അപേക്ഷിച്ചത്.

കൂടാതെ ഏകദേശം നാല് ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസും എടുത്തിരുന്നു. തുടർന്നാണ് മരണം വ്യാജമായി സൃഷ്ടിച്ചത്. അവിടെ നിന്നും കാനഡയിലേക്ക് എത്തിയ ഇയാൾ പിന്നീട് പാരീസിലേക്കും ജോർജിയയിലേക്കും പോയി. കനേഡിയൻ അധികൃതർ ഇയാളുടെ പേര് വിവരങ്ങൾ പരിശോധിച്ചതായി ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചു. റയാൻ മരിച്ചിട്ടില്ല എന്ന വിവരം അപ്പോഴാണ് ലഭിച്ചത്. പിന്നീട് ഇയാളോട് നാട്ടിലേക്കു തിരിച്ചെത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. തുടർന്നാണ് ഇയാൾ കീഴടങ്ങിയത്. സംഭവത്തിനുശേഷം റയാന്റെ ഭാര്യ ഇയാളിൽ നിന്ന് വിവാഹമോചനം തേടിയെന്നാണ് വിവരം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top