എയർ ഇന്ത്യയിൽ ഹെൽമെറ്റ് ധരിച്ച് യാത്രക്കാരൻ; സംഭവത്തിന് പിന്നിൽ വലിയ ലക്ഷ്യങ്ങൾ

വിമാനയാത്രയ്ക്കിടെ ഹെൽമെറ്റ് ധരിച്ചെത്തിയ യുവാവിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ ചർച്ചാവിഷയം. എല്ലാവർക്കും അതൊരു രസകരമായ വിഡിയോയായിരുന്നു. എന്നാൽ ആ മനുഷ്യന് അതൊരു തമാശയായിരുന്നില്ല.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി ക്യാമ്പയിനുകൾ നടത്തിയ ആക്ടിവിസ്റ്റ് ആയ രാഘവേന്ദ്ര കുമാർ ആയിരുന്നു അത്. ഇന്ത്യയിലെ “ഹെൽമെറ്റ് മാൻ” എന്നറിയപ്പെടുന്ന അദ്ദേഹം ഹെൽമെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും റോഡ് സുരക്ഷയെക്കുറിച്ച് പൊതുജന അവബോധം വളർത്തുന്നതിനും പേരുകേട്ടയാളാണ്. വർഷങ്ങളായി അദ്ദേഹം ഇത് തുടരുകയാണ്. നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്, അടുത്തിടെ കോൻ ബനേഗ ക്രോർപതി 17-ൽ അമിതാഭ് ബച്ചൻ അദ്ദേഹത്തെ ആദരിച്ചു. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ ഹെൽമെറ്റ് വിമാനയാത്രയും വൈറൽ ആയത്.
‘റോഡിലായാലും വായുവിലായാലും എല്ലായിടത്തും സുരക്ഷ പ്രധാനമാണ്. ജനങ്ങളിൽ അവബോധം വളർത്താൻ ഇത് സഹായിക്കും. അസാധാരണമായ സാഹചര്യത്തിൽ ഹെൽമെറ്റ് ധരിക്കുന്ന ചെറിയ പ്രവൃത്തി പോലും വൈറലാകുകയും മറ്റുള്ളവരെ സുരക്ഷ പിന്തുടരാൻ പ്രേരിപ്പിക്കുകയും ചെയ്യുമെന്നാണ്’ അദ്ദേഹം ഇതിനെതിരെ പ്രതികരിച്ചത്. 2014ൽ അദ്ദേഹത്തിന്റെ സുഹൃത്ത് വാഹനാപകടത്തിൽ മരിച്ചു. ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിൽ ജീവൻ രക്ഷപ്പെടുമായിരുന്നു. ഈ ഒരു ചിന്തയാണ് പിന്നീട് അദ്ദേഹത്തെ ഇങ്ങനെയൊരു പാത പിന്തുടരാൻ പ്രേരിപ്പിച്ചത്. സ്വന്തം സമ്പാദ്യം ഉപയോഗിച്ച് ഹെൽമെറ്റുകൾ വാങ്ങി ഇരുചക്ര വാഹന യാത്രക്കാർക്ക് വിതരണം ചെയ്തു.
വർഷങ്ങളായുള്ള കുമാറിന്റെ ഈ ചെറിയ ശ്രമം പിന്നീട് ഹെൽമെറ്റ് മാൻ ഓഫ് ഇന്ത്യ ഫൗണ്ടേഷനായി മാറി. ഫൗണ്ടേഷൻ ഇപ്പോൾ ഹെൽമെറ്റ് ബാങ്കുകൾ നടത്തുകയും ഡൽഹി, കാൺപൂർ, ലഖ്‌നൗ, മീററ്റ്, നോയിഡ തുടങ്ങിയ നഗരങ്ങളിൽ അവബോധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഇതുവരെ, അദ്ദേഹം ഇന്ത്യയിലുടനീളം 65,000 ത്തിലധികം ഹെൽമെറ്റുകൾ വിതരണം ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടെങ്കിലും ഒരിക്കൽ പോലും ഇതിൽ നിന്ന് പിന്മാറാൻ അദ്ദേഹം തയാറായില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here