പാലാ വിട്ടൊരു കളിയില്ല; ‘യുഡിഎഫ് സ്ഥാനാർത്ഥി ഞാൻ തന്നെ’; നിലപാട് കടുപ്പിച്ച് മാണി സി കാപ്പൻ

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കങ്ങൾക്ക് മറുപടിയുമായി എംഎൽഎ മാണി സി കാപ്പൻ. പാലാ സീറ്റ് മറ്റാർക്കെങ്കിലും നൽകണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും, ഒരു കാരണവശാലും ഈ സീറ്റ് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാലായിൽ യുഡിഎഫിന് ഒരു സ്ഥാനാർത്ഥിയേ ഉണ്ടാവൂ, അത് താനായിരിക്കുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പാലാ മണ്ഡലത്തിൽ താൻ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് യോഗങ്ങൾ നടന്നു വരികയാണെന്നും അദ്ദേഹം അറിയിച്ചു. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ തിരികെ എത്തിക്കുന്നതിനെക്കുറിച്ച് മുന്നണിയിൽ ചർച്ചകൾ നടന്നിട്ടില്ല. ജോസ് കെ മാണിക്ക് പാലാ നൽകണമെന്ന് ഒരു നേതാവും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോസ് കെ മാണി രാഷ്ട്രീയ കോപ്രായങ്ങൾ കാണിക്കുന്ന ആളാണെന്നും, തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ പദവികളും പാതിവഴിയിൽ രാജിവെക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിന്റേതെന്നും കാപ്പൻ പരിഹസിച്ചു. ജോസ് കെ മാണി പാലായിൽ മത്സരിക്കുമെന്ന് താൻ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മാണി സി കാപ്പന്റെ പാർട്ടിയായ കെഡിപി ഇത്തവണ മൂന്ന് സീറ്റുകൾ യു.ഡി.എഫിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ പാലായും എലത്തൂരുമാണ് പാർട്ടി മത്സരിക്കുന്നത്. എലത്തൂർ സീറ്റ് മുസ്ലിം ലീഗ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും, പകരം മറ്റൊരു സുരക്ഷിത സീറ്റ് ലഭിച്ചാൽ എലത്തൂർ വിട്ടുകൊടുക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് അധികാരത്തിൽ വന്നാൽ തന്റെ പാർട്ടിക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്ന വിശ്വാസത്തിലാണ് കാപ്പൻ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here