മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രനോട് കോടതിയിൽ ഹാജരാകാൻ നിർദേശം

കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനടക്കം മുഴുവൻ പ്രതികളോടും ഹാജരാകാൻ ജില്ലാ സെഷൻസ് കോടതിയുടെ നിർദേശം. ഇന്ന് കേസ് പരിഗണിക്കവെയാണ് ഈ മാസം 21ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടത്. കേസിൽ ഇതുവരെ പ്രതികളാരും ഹാജരായിട്ടില്ലെന്നും ഇത് അനുവദിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.

കെ സുരേന്ദ്രനാണ് ഒന്നാം പ്രതി. പാർട്ടി ജില്ലാ സെക്രട്ടറി മണികണ്ഠ റൈ , മുൻ യുവ മോർച്ച നേതാവ് സുരേഷ് നായ്ക്, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായ്ക് , മുന്‍ ജില്ലാ പ്രസിഡന്‍റ് കെ.ബാലകൃഷ്ണ ഷെട്ടി, ലോകേഷ് ലോണ്ട തുടിയവരാണ് മറ്റ് പ്രതികൾ. പട്ടികജാതി/പട്ടികവർഗ അതിക്രമം തടയൽ, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ മുൻ‌കൂർ ജാമ്യം അനുവദിക്കാൻ അഡ്വക്കേറ്റ് ബാലകൃഷ്ണ ഷെട്ടി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ പ്രഥമ ദൃഷ്ട്യാ പട്ടികജാതി/പട്ടികവർഗ അതിക്രമം തടയൽ നിയമത്തിന് കീഴിൽ വരുന്ന കേസായതിനാൽ മുൻ‌കൂർ ജാമ്യം അനുവദിക്കാൻ പറ്റില്ലെന്ന് കോടതി നിരീക്ഷിച്ചു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർഥി സുന്ദരക്ക് രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കേവലം 89 വോട്ടിനാണ് കെ സുരേന്ദ്രൻ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയോട് തോറ്റത്. അന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സുന്ദര 467 വോട്ട് നേടിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top