മാന്നാര്‍ കല കേസില്‍ അനിലിനായി ലുക്ക് ഔട്ട് നോട്ടീസ്; ഇന്റര്‍പോള്‍ മുഖേന പിടികൂടാന്‍ ശ്രമം

മാന്നാര്‍ കലയുടെ കേസില്‍ ഭര്‍ത്താവ് അനിലിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഇന്റര്‍പോള്‍ മുഖേന റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിക്കും. ഇസ്രയേലില്‍ തുടരുന്ന അനിലിനെ തിരികെ എത്തിക്കാനുള്ള പോലീസിന്റെ ശ്രമം വിജയിച്ചിട്ടില്ല. കസ്റ്റഡിയില്‍ ഉള്ള പ്രതികളുടെ കസ്റ്റഡി കാലാവധി കഴിയുംമുന്‍പ് അനിലിനെ തിരികെ എത്തിക്കാനാണ് പോലീസ് ശ്രമിച്ചത്.
കസ്റ്റഡിയില്‍ ഉള്ള പ്രതികളെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരെ ഒരുമിച്ച് ഇരുത്താതിരിക്കാന്‍ വേണ്ടിയാണ് വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റിയത്. അനിലിനെ കസ്റ്റഡിയില്‍ ലഭിക്കാതെ അന്വേഷണം മുന്നോട്ട് പോകാനാകാത്ത അവസ്ഥയാണ് പോലീസ് നേരിടുന്നത്. കൊലപാതകത്തെ സംബന്ധിച്ച് പ്രതികളുടെ മൊഴികളില്‍ വൈരുധ്യമുണ്ട്.
കലയുടെ കൊലപാതകം നടന്ന ദിവസം, നടന്ന സ്ഥലം എന്നീ കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല. അതിന് അനിലിന്റെ സാന്നിധ്യം അത്യാവശ്യമാണ്. കലയുടെ ഭര്‍ത്താവ് അനിലാണ് കേസിലെ ഒന്നാംപ്രതി. രണ്ടാംപ്രതി ജിനുവും മൂന്നാംപ്രതി സോമരാജനും നാലാംപ്രതി പ്രമോദും അനിലിന്റെ ബന്ധുക്കളാണ്.
2009 ഡിസംബറിലെ ആദ്യ ആഴ്ച കൊലപാതകം നടന്നെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. പെരുമ്പുഴ പാലത്തിന് മുകളില്‍ കാറില്‍വെച്ചാണ് കലയെ കൊലപ്പെടുത്തിയത്. പെരുമ്പുഴ പാലം തിരഞ്ഞെടുത്തത് മൃതദേഹം ആറ്റില്‍ തള്ളാനെന്നാണ് പോലീസ് നിഗമനം. സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ പ്രതികള്‍ പദ്ധതി മാറ്റി. കലയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്‌തെന്നാണ് പോലീസ് റിപ്പോര്‍ട്ട്. പക്ഷെ എവിടെ മറവുചെയ്ത് എന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here