ഇതെന്തൊരു പാര്‍ട്ടി! മാവോയിസ്റ്റ് വേട്ടയെ എതിര്‍ക്കും, ഉന്മൂലനം ചെയ്യാന്‍ കാശും വാങ്ങും; സിപിഎമ്മിൻ്റെ ഇരട്ടത്താപ്പ്

മാവോയിസ്റ്റുകളെ കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നതിന് എതിരെ ഘോര ഘോരം പ്രസ്താവനകള്‍ ഇറക്കുന്ന സിപിഎമ്മിന്റെ കേരളത്തിലെ സര്‍ക്കാര്‍ വേട്ട നടത്താന്‍ കാശ് വേണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തെഴുതുന്ന ഇരട്ടത്താപ്പ് ചര്‍ച്ചയാകുന്നു. ഇക്കഴിഞ്ഞ ദിവസം അമിത് ഷായെ നേരില്‍ കണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്യത്ത് മാവോയിസ്റ്റ് ഭീഷണിയുള്ള ജില്ലകളുടെ പട്ടികയില്‍ നിന്ന് കണ്ണൂരിനേയും വയനാടിനേയും ഒഴിവാക്കിയ നടപടി പുന: പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ചകളിലൂടെ മാവോയിസ്റ്റ് പ്രശ്‌നം പരിഹരിക്കണമെന്ന് സിപിഎമ്മിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമല്ലേ ഫണ്ട് ചോദിക്കല്‍ എന്നാരാഞ്ഞ മാധ്യമ പ്രവര്‍ത്തകയോട് ‘നയം വേറെ, ഫണ്ട് വേറെ’ എന്നായിരുന്നു പിണറായിയുടെ മറുപടി.
ഈ വര്‍ഷം മെയ് 21ന് ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡില്‍ കേന്ദ്രസേന 27 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു ഉന്നത മാവോവാദി നേതാവ് ബസവരാജു ഉള്‍പ്പെടെയുള്ളവരെ സുരക്ഷാസേന വധിച്ചതില്‍ ശക്തമായി അപലപിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ രംഗത്ത് വന്നിരുന്നു. മാവോയിസ്റ്റുകളുമായി ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരം തേടാതെ ഏകപക്ഷീയമായി വെടിവെച്ച് കൊല്ലുന്നത് മനുഷ്യത്വരഹിതം ആണെന്നായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോയുടെ പ്രസ്താവന. ചര്‍ച്ചക്ക് തുനിയാതെ ഉന്‍മൂലനം ചെയ്യുന്ന നിലപാട് ഫാസിസ്റ്റ് പ്രവണതയാണെന്നും പിബി കുറ്റപ്പെടുത്തി. സുരക്ഷാ സേനയുടെ നടപടി ജനാധിപത്യത്തിന് തീരാകളങ്കമാണ് എന്നായിരുന്നു സിപിഎം പറഞ്ഞത്. എന്നാല് മാവോയിസ്റ്റുകകളെ കൊന്നൊടുക്കുന്ന കേരള സർക്കാരിൻ്റെ നടപടിയിൽ പിബി അഭിപ്രായം പറഞ്ഞിട്ടുമില്ല.

തരാതരം പോലെ നിലപാടു മാറ്റുന്ന സിപിഎമ്മിന്റ ഏക സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ മാവോയിസ്റ്റ് വിഷയത്തിലും അതേ രീതി തന്നെയാണ്. മാവോയിസ്റ്റ് വേട്ടക്കായി പ്രതിവര്‍ഷം 20 കോടി രൂപയാണ് സംസ്ഥാനത്തിന് കേന്ദ്ര ഫണ്ടായി ലഭിച്ചിരുന്നത്. ഈ ഫണ്ട് പുന: സ്ഥാപിക്കണം എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. പിണറായി ഭരണകാലത്ത് എട്ട് മാവോയിസ്റ്റുകളെ സുരക്ഷാ സേനയായ തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഓന്തുപോലും നാണിക്കും വിധത്തിലാണ് സിപിഎമ്മും അവരുടെ സര്‍ക്കാരും മാവോയിസ്റ്റ് വേട്ടയില്‍ നയം മാറ്റി മാറ്റി പറയുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here