രാജിവച്ചുപോയ മെത്രാൻ മാർ കൂറിലോസ് വീണ്ടും ഭദ്രാസന ചുമതലയിലേക്ക്; യാക്കോബായ സഭയിൽ പൊട്ടിത്തെറി; വീണ്ടും രാജി!!

സ്ഥാനത്യാഗം ചെയ്ത യാക്കോബായ സഭാ മെത്രാൻ ഗീവർഗീസ് മാർ കൂറിലോസിനെ വീണ്ടും നിരണം ഭദ്രാസനാധിപനായി നിയമിച്ചു. ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവ നിയമനം സംബന്ധിച്ച സർക്കുലർ ഇന്ന് പുറത്തിറക്കി. നിയമന ഉത്തരവ് പള്ളികളിൽ വായിച്ചു. ജൂൺ ഒന്നിന് സ്ഥാനമേറ്റെടുക്കും എന്നാണ് വിവരം. 2023ൽ കൂറിലോസ് സ്വയം ചുമതല ഒഴിഞ്ഞ് സ്ഥാനത്യാഗം ചെയ്യുകയായിരുന്നു. രാജിയുടെ കാരണവും ഇപ്പോഴത്തെ തിരിച്ചുവരവിൻ്റെ കാരണവും വ്യക്തമല്ല.

മാർ കൂറിലോസിൻ്റെ നിയമന വിവരം പുറത്തുവന്നതിന് പിന്നാലെ നിലവിൽ നിരണം ഭദ്രാസനത്തിന്‍റെ സഹായമെത്രാനായ ഗീവർഗീസ് മാർ ബർണബാസ് രാജിവെച്ചു. 15 വർഷം ശമ്പളമോ ആനുകൂല്യങ്ങളോ ഇല്ലാതെ സേവനം ചെയ്തതിൽ സംതൃപ്തനാണെന്ന് രാജിക്കത്തിൽ പറയുന്നു. രാജിക്കുശേഷം പുനർനിയമനം നേടിയ ഗീവർഗീസ് മാർ കൂറിലോസിനെ അഭിനന്ദിക്കുന്നതായും ബർണബാസ് രാജിക്കത്തിൽ വ്യക്തമാക്കി. സഭയിലെ ആഭ്യന്തര തർക്കങ്ങളുടെ ഭാഗമാണ് ഈ നീക്കങ്ങളെല്ലാം എന്നാണ് സൂചന.
Also Read: മാർ കൂറിലോസ് എങ്ങനെ സിപിഎമ്മിൻ്റെ ശത്രുവായി? ഇടത് പക്ഷത്തുനിന്നിറങ്ങി രാഹുൽ ഫാനായി മാറിയ ബിഷപ്പ്
2023 ഒക്ടോബർ അഞ്ചിന് തികച്ചും അപ്രതീക്ഷിതമായി കോതമംഗലം മാർത്തോമ്മാ ചെറിയ പള്ളിയിൽ വെച്ചാണ് മാർ കൂറിലോസ് സ്ഥാനത്യാഗം പ്രഖ്യാപിച്ചത്. അതിന് ശേഷം മല്ലപ്പള്ളി ആനിക്കാട് ദയറയിൽ വിശ്രമത്തിലായിരുന്നു. 60കാരനായ മാർ കൂറിലോസ് 2006ലാണ് മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടത്. 17 വർഷത്തിനു ശേഷമായിരുന്നു സ്ഥാനത്യാഗം. ഇപ്പോൾ രണ്ട് വർഷത്തിനു ശേഷമാണ് വീണ്ടും ഭദ്രാസന ചുമതലയിലേക്ക് തിരിച്ചെത്തുന്നത്.
പൊതുവിഷയങ്ങളിലും പലതിലും മുഖംനോക്കാതെ അഭിപ്രായം പറയുന്ന ഗീവർഗീസ് മാർ കൂറിലോസിൻ്റെ പരാമർശങ്ങൾ വിവാദമായിരുന്നു. ഇടതുപക്ഷ നയങ്ങളോട് പ്രതിപത്തി പുലർത്തിയിരുന്ന മാർ കൂറിലോസ് കഴിഞ്ഞ കുറെ നാളുകളായി പിണറായി സർക്കാരിൻ്റെ കടുത്ത വിമർശകനാണ്. കഴിഞ്ഞ പാർലമെൻ്റിലെ ഇടതു പരാജയത്തെ തുടർന്ന് ഇദ്ദേഹം നടത്തിയ പരാമർശങ്ങൾക്ക് പരോക്ഷമറുപടിയായി മെത്രാന്മാരിലും വിവരദോഷികളുണ്ട് എന്ന് പിണറായി നടത്തിയ പ്രസ്താവനയും ഏറെ ചർച്ചയായിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മാർ കൂറിലോസിന് സൈബർ തട്ടിപ്പിൽ 15 ലക്ഷം രൂപ നഷ്ടമായത് വൻ വിവാദമായിരുന്നു. സിബിഐ എന്ന വ്യാജേന ബന്ധപ്പെട്ട തട്ടിപ്പുസംഘം വെർച്വൽ അറസ്റ്റ് നടത്തിയെന്ന് തെറ്റിദ്ധരിപ്പിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. പരാതിയിൽ പത്തനംതിട്ട കീഴ്വായ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഇതുവരെയും പണം തിരിച്ചു പിടിക്കാൻ കഴിഞ്ഞില്ല. അന്വേഷണം തുടരുകയാണ് എന്നാണ് ഔദ്യോഗികഭാഷ്യം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here