നല്ല ദാമ്പത്യത്തിന് മലയാളികൾക്ക് ക്ലാസെടുക്കുന്ന മാരിയോ ദമ്പതികൾ തമ്മിൽതല്ലി പൊലീസ് കേസായി; ആഘോഷമാക്കി സോഷ്യൽ മീഡിയ

പ്രമുഖ മോട്ടിവേഷണൽ സ്പീക്കർമാരായ മാരിയോ ജോസഫ്, ജീജി മാരിയോ എന്നിവർ തമ്മിലുള്ള കുടുംബപ്രശ്നം പോലീസ് കേസായി. ഭാര്യ ജീജി നൽകിയ പരാതിയിൽ ഭർത്താവിനെതിരെ ചാലക്കുടി പോലീസ് കേസെടുത്തു. എഫ്ഐആർ പ്രകാരം മർദ്ദനം, വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകളാണ് കേസിൽ മാരിയോക്കെതിരെ ചുമത്തിയിട്ടുള്ളത്.
കുറച്ചുനാളായി ഇരുവരും അകന്നു കഴിയുകയായിരുന്നു. പ്രശ്നങ്ങൾ സംസാരിച്ച് തീർക്കുകയെന്ന ഉദ്ദേശ്യത്തിൽ ജീജി കഴിഞ്ഞ ദിവസം നേരിട്ട് എത്തിയപ്പോൾ ജോസഫ് ക്രൂരമായി മർദ്ദിച്ചു എന്നാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്. ടിവിയുടെ സെറ്റ് – ടോപ് ബോക്സ് കൊണ്ട് തലയ്ക്കടിച്ചു, മുടിയിൽ കുത്തിപ്പിടിച്ചു, കടിച്ചു, കൂടാതെ 70,000 വിലയുള്ള ഫോൺ നശിപ്പിച്ചു എന്നിങ്ങനെയാണ് പരാതിയിലെ ആരോപണങ്ങൾ എഫ്ഐആറിൽ എടുത്ത് എഴുതിയിട്ടുള്ളത്. ജോസഫും ഭാര്യക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് ചാലക്കുടി എസ്ഐ മാധ്യമ സിൻഡിക്കറ്റിനോട് സ്ഥിരീകരിച്ചു. അതേസമയം വിവരം പുറത്തായതിന് പിന്നാലെ വലിയ അധിക്ഷേപങ്ങളും പരിഹാസങ്ങളും ആണ് ഇരുവർക്കുമെതിരെ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഒരു കുടുംബ ബന്ധത്തിലെ താളപ്പിഴ പോലീസ് കേസായി എന്നതിന് ഉപരിയായ പ്രാധാന്യം നൽകിയാണ് മിക്ക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവരുടെയെല്ലാം കമൻ്റ് ബോക്സാണ് ആളുകൾ ദമ്പതികൾക്കെതിരെ ആക്ഷേപം ചൊരിയാൻ തൽക്കാലം ഉപയോഗിക്കുന്നത്.
കുടുംബജീവിതം, ദാമ്പത്യബന്ധം എന്നിവയെക്കുറിച്ച് ഓൺലൈനിലും അല്ലാതെയും ക്ലാസ്സുകളും വീഡിയോകളും അവതരിപ്പിച്ച് കൊണ്ടാണ് മാരിയോ ജോസഫും ജിജി മാരിയോയും പ്രശസ്തരായത്. ഇവർക്ക് രണ്ടു പെൺമക്കളാണ് ഉള്ളത്. കൗമാരത്തിലേക്ക് കടന്ന മക്കളുമായി ജോസഫ് മാരിയോ നടത്തുന്ന തുറന്ന സംഭാഷണങ്ങൾ അടക്കം ഒട്ടേറെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. കുട്ടികളുള്ള ഒരുപാട് മാതാപിതാക്കൾ ഇവരെ വഴികാട്ടിയായി തന്നെ കണ്ടിരുന്നു എന്നത് സ്ഥിരമായി വന്നുകൊണ്ടിരിക്കുന്ന പ്രതികരണങ്ങളിൽ നിന്നെല്ലാം വ്യക്തമായിരുന്നു.
ക്രിസ്ത്യൻ പശ്ചാത്തലത്തിൽ ധ്യാന പ്രഭാഷണങ്ങളോട് അടുത്തുനിൽക്കുന്ന ശൈലിയിലാണ് വിഷയങ്ങൾ അവതരിപ്പിക്കുന്നത്. ഇവയുടെ സ്ഥിരം പ്രേക്ഷകരായി ഒട്ടേറെ ആളുകൾ ഫോളോ ചെയ്യുന്നുമുണ്ട്. ഇവരിൽ ഏറിയ പങ്കും ആണിപ്പോൾ ഇരുവരെയും ആക്ഷേപിച്ച് രംഗത്ത് എത്തുന്നതെന്ന് പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.
എഫ്ഐആർ ഉള്ളടക്കം ഇങ്ങനെ:
ഭാര്യാ ഭർത്താക്കന്മാരായ പ്രതിയും ആവലാതിക്കാരിയും Professional Issues കാരണം 9 മാസമായി അകന്ന് ജീവിച്ച് വരവേ, പ്രശ്നങ്ങൾ പറഞ്ഞ് തീർക്കുന്നതിനായി ആവലാതിക്കാരി 25.10.25 തിയ്യതി 17.30 മണിക്ക് പ്രതിയുടെ വീട്ടിൽ ഇരുന്ന് പ്രശ്നങ്ങൾ സംസാരിച്ച് വരവേ പ്രതി ആവലാതിക്കാരിയെ ദേഹോപദ്രവം എൽപ്പിക്കണം എന്ന ഉദ്ദേശത്തോടും കരുതലോടും കൂടി സെറ്റ്ബോക്സ് എടുത്ത് തലയിൽ അടിച്ചും, ഇടത് കയ്യിൽ കടിച്ചും, തലമുടിയിൽ പിടിച്ച് വലിച്ചും, ദേഹോപദ്രവം ഏല്പിച്ചു, ആവലാതിക്കാരിയുടെ കയ്യിൽ ഇരുന്ന മൊബൈൽ എറിഞ്ഞ് പൊട്ടിച്ചതിലും 70000/- രൂപയുടെ നഷ്ടം വന്ന കാര്യം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here