പ്ലാസ്റ്റിക് ഡിസ്‌പോസബിൾ പ്ലേറ്റും ഗ്ലാസും വേണ്ടെന്ന് മാർത്തോമ്മാ സഭ; സർക്കാർ വിലക്ക് വരെ കാക്കേണ്ടെന്ന് ഇടയലേഖനം

പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുള്ള ഡിസ്‌പോസബിള്‍ പ്ലേറ്റും ഗ്ലാസും ഉപയോഗിക്കുന്നത് വിലക്കി മാർത്തോമ്മാ സഭ. വിവാഹ ചടങ്ങുകളിലും മറ്റ് സൽക്കാരങ്ങളിലും ഇത്തരം പ്ലേറ്റും ഗ്ലാസും ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം എന്നാണ് ഇന്ന് പള്ളികളില്‍ വായിച്ച ഇടയലേഖനത്തില്‍ നിർദേശിക്കുന്നത്. പകരം സ്റ്റീല്‍ പ്ലേറ്റും കപ്പുകളും ഉപയോഗിക്കാനാണ് നിർദേശം.
പരിസ്ഥി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതകള്‍ കൂടി ഊന്നിപറഞ്ഞാണ് സഭ ഈ നിര്‍ദേശം മുന്നോട്ടു വച്ചിരിക്കുന്നത്. പ്ലാസ്റ്റിക് കോട്ടിങ്ങുള്ള കപ്പുകളും പ്ലേറ്റുകളും കേരളത്തില്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇത് കര്‍ശനമായി നടപ്പാക്കുന്നതില്‍ ഭരണകൂടത്തിന് വീഴ്ച വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഗ്രീന്‍ പ്രോട്ടോക്കോള്‍ എന്നത് പ്രഖ്യാപനത്തില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. പ്ലാസ്റ്റിക് പ്ലേറ്റുകളും ഗ്ലാസുകളും വിപണിയില്‍ ധാരളം ലഭ്യവുമാണ്.
എന്നാല്‍ ഭരണകൂടം നിരോധനം ശക്തമാക്കാൻ കാത്തുനില്‍ക്കേണ്ട എന്ന മാതൃകാപരമായ സന്ദേശമാണ് മാർത്തോമ്മാ സഭ മുന്നോട്ടു വച്ചിരിക്കുന്നത്. പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കൂടി ഉത്തരവാദിത്വമാണ് എന്ന് പഠിപ്പിക്കുകയാണ് സഭ. ഇത് മാത്രമല്ല ക്രിസ്മസ് ആഘോഷങ്ങളിലും പ്ലാസ്റ്റിക് ഒഴിവാക്കണം, ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വേണ്ട തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് റീസൈക്കിള്‍ ചെയ്യുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ ഏല്‍പ്പിക്കണം എന്നും സഭ വിശ്വാസികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മാർത്തോമ്മാ സഭാംഗം കൂടിയായ മുൻ മന്ത്രിയും എംഎൽഎയുമായ മാത്യു ടി തോമസ് നേരത്തെ ഇത്തരം വസ്തുക്കളുടെ ഉപയോഗത്തിൻ്റെ അപകടങ്ങൾ നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതും മാർത്തോമ്മാ സഭയുടെ ഈ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് സൂചന.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here