മാസപ്പടി കേസില്‍ നാല് മാസത്തേക്ക് തുടര്‍നടപടി വിലക്കി ഹൈക്കോടതി; മുഖ്യമന്ത്രിക്കും മകള്‍ക്കും വലിയ ആശ്വാസം

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ പ്രതിയായ മാസപ്പടി കേസില്‍ തുടര്‍ നടപടി നാലു മാസത്തേക്ക് വിലക്കി ഹൈക്കോടതി. എസ്എഫ്‌ഐഒ കുറ്റപത്രത്തിലുള്ള നടപടികളാണ് തടഞ്ഞിരിക്കുന്നത്. സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് നിര്‍ണായക ഉത്തരവ്. നേരത്തെ രണ്ട് മാസത്തേക്ക് നടപടികള്‍ തടഞ്ഞ് അവധിക്കാല ബെഞ്ച് ഉത്തരവിട്ടിരുന്നു.
എസ്എഫ്‌ഐഒ കുറ്റപത്രം പൊലീസ് റിപ്പോര്‍ട്ടല്ലെന്നായിരുന്നു സിഎംആര്‍എല്‍ വാദിച്ചത്. അതിനെ പരാതിയായി മാത്രം കണക്കാക്കണം. അതുകൊണ്ട് തന്നെ കോടതി എതിര്‍കക്ഷിയെ കൂടി കേള്‍ക്കണം. അല്ലാതെ സമന്‍സ് അയക്കുന്നത് നിയമവിരുദ്ധമാണെന്നും സിഎംആര്‍എല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. എസ്എഫ്‌ഐഒ റിപ്പോര്‍ട്ടിലെ ഉള്ളടക്കത്തെയല്ല നടപടികളെയാണ് ചോദ്യം ചെയ്യുന്നതെന്നും സിഎംആര്‍എല്‍ വ്യക്തമാക്കി. ഇത് അംഗീകരിച്ചാണ്
ജസ്റ്റിസ്. പി.വി. കുഞ്ഞികൃഷ്ണന്‍ നാല് മാസത്തേക്ക് കൂടി സ്‌റ്റേ നല്‍കിയത്.
മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് നിര്‍ണായക പങ്കെന്നാണ് എസ്എഫ്‌ഐഒയുടെ റിപ്പോര്‍ട്ട്. നല്‍കാത്ത സേവനത്തിന് 2.7 കോടി കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. കേസിലെ പതിനൊന്നാം പ്രതിയാണ് വീണ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here