പലസ്തീൻ കർഷകയെ ക്രൂരമായി മർദിച്ച് ഇസ്രായേൽ പൗരൻ; ആക്രമണം കൃഷിയിടത്തിൽ വിളവെടുക്കവേ

സ്വന്തം കൃഷിസ്ഥലത്ത് വിളവെടുക്കാൻ എത്തിയ പലസ്തീൻ വനിതയെ ക്രൂരമായി മർദിക്കുന്ന ഇസ്രായേൽ പൗരന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. സെൻട്രൽ വെസ്റ്റ് ബാങ്കിലെ ടർമസ് അയ്യ ഗ്രാമത്തിൽ മുഖംമൂടി ധരിച്ചാണ് അക്രമി സ്ത്രീയെ മർദിച്ചത്. 55 വയസ്സുള്ള പലസ്തീൻ കർഷകയായ ഉമ്മു സാലിഹിനാണ് ഗുരുതര പരിക്കേറ്റത്.
മരത്തടി ഉപയോഗിച്ചാണ് ഇയാൾ സ്ത്രീയെ ആക്രമിച്ചത്. തലയ്ക്ക് മാരകമായി പരിക്കേറ്റ് അബോധാവസ്ഥയിലായ സ്ത്രീയെ ഇയാൾ വീണ്ടും മർദിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. യുഎസ് മാധ്യമ പ്രവർത്തകൻ ജാസ്പർ നഥാനിയേൽ ആണ് ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തിയത്. അക്രമികളെ എത്രയും പെട്ടന്ന് ജയിലിൽ അടച്ചാലേ ഈ ഗ്രാമത്തിലെയും പലസ്തീനിലെയും ജനങ്ങളെ സംരക്ഷിക്കാൻ കഴിയൂ എന്നാണ് മാധ്യമ പ്രവർത്തകൻ പറഞ്ഞത്.
തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് ഇവർ. ആക്രമണത്തിൽ ഒരു പലസ്തീൻകാരൻ ഉൾപ്പെടെ മറ്റ് രണ്ട് പേർക്ക് പരിക്കേറ്റതായാണ് വിവരം. ‘ഒലിവ്’ വിളവെടുപ്പ് സമയത്ത് ഇസ്രായേലി കുടിയേറ്റക്കാരുടെ ആക്രമണം പതിവായി നേരിടുന്നവരാണ് പലസ്തീനികൾ. അവരെ സഹായിക്കാൻ പോയ വിദേശി പൗരനും പരിക്കേറ്റു. ഇസ്രായേൽ സൈന്യം സംഭവസ്ഥലത്തെത്തി സംഘർഷം നിയന്ത്രിച്ചെന്ന് പറഞ്ഞിരുന്നു. എന്നാൽ മാധ്യമ പ്രവർത്തകൻ ഇത് നിഷേധിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here