മസൂദ് അസറിന് ഇനി ഉറക്കമില്ലാത്ത രാത്രികൾ; ജെയ്‌ഷെ മുഹമ്മദിന് മാപ്പില്ല

ഓരോ തവണ ഇന്ത്യയിൽ തീവ്രവാദ അക്രമണങ്ങൾ നടക്കുമ്പോളും ഒരു പേര് ഉയർന്ന് കേൾക്കാറുണ്ട്, മസൂദ് അസർ. 2001-ലെ പാർലമെൻ്റ് ആക്രമണം, പത്താൻകോട്ട് എയർഫോഴ്സ് സ്റ്റേഷൻ ആക്രമണം ഇപ്പോൾ ഡൽഹി. ഇന്ത്യയുടെ സമാധാനത്തിന് വിഘ്നം സൃഷ്ടിക്കുന്ന പേര് മസൂദ് അസർ. ഒന്നല്ല, പലതവണ ഇന്ത്യ ക്ഷമിച്ചു. എന്നാൽ, മസൂദ് അസർ എന്ന ഈ ഭീകരൻ്റെ ലക്ഷ്യം ഒന്നുമാത്രം. ഇന്ത്യയെ ചോരയിൽ മുക്കുക. പുൽവാമയിൽ 40 ജവാന്മാരുടെ ജീവനെടുത്ത ആക്രമണം അതും മസൂദ് അസർ എന്ന ഭീകരന്റെ തലയിലുദിച്ച കുടിലബുദ്ധി തന്നെ.

എന്നാൽ, ഇത് ഇന്ത്യയാണ്. ഒരടിക്ക് പത്തിരട്ടി തിരിച്ചടി. 2025 മെയ് 7, അതൊരു ചരിത്ര ദിനമായിരുന്നു. ഭീകരവാദത്തിൻ്റെ കവാടം തേടി ഇന്ത്യൻ മിസൈലുകൾ പാകിസ്താനിലേക്ക് പറന്നിറങ്ങി. അത് പെട്ടന്നുള്ള ഒരു കടന്നാക്രമണം മാത്രമായിരുന്നില്ല, മസൂദ് അസർ സ്‌ഥാപിച്ച ജെയ്‌ഷെ മുഹമ്മദെന്ന തീവ്രവാദ സംഘടനയുടെ മർമ്മത്തിനിട്ടുള്ള പ്രഹരമായിരുന്നു. ഓപ്പറേഷൻ സിന്ദൂർ എന്ന ഇന്ത്യയുടെ സൈനിക നീക്കത്തിൽ തീവ്രവാദി താവളങ്ങൾ കത്തിയമർന്നു.

Also Read : പാകിസ്ഥാനെ മുട്ടുകുത്തിച്ചത് ഇങ്ങനെ…. വീണ്ടും വിശദീകരിച്ച് വ്യോമസേനാ മേധാവി

ഇന്ത്യൻ ആക്രമണത്തിൽ മസൂദ് അസ്ഹറിൻ്റെ 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടെന്ന് ജെയ്‌ഷെ കമാൻഡർ ഇല്യാസ് കശ്മീരി തുറന്ന് പറഞ്ഞു. ഇന്ത്യ നൽകിയ പ്രഹരങ്ങളിൽ മനംനൊന്ത് മസൂദ് അസർ രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. ഇന്ത്യ, നിങ്ങളുടെ മരണം അടുത്തെത്തി! ഞങ്ങൾ തിരിച്ചടിക്കും അയാൾ ആക്രോശിച്ചു. തീവ്രവാദത്തിന്റെ, വെറുപ്പിന്റെ കനൽ അണഞ്ഞിട്ടില്ലായിരുന്നു റെഡ് ഫോർട്ടിന് സമീപമുണ്ടായ കാർ ബോംബ് സ്ഫോടനം അതിന്റെ അടയാളമാണെന്ന് കരുതുന്നവർ ഏറെയാണ്.

സ്ഫോടനം നടന്ന് മണിക്കൂറുകൾക്കകം ആക്രമണത്തിൽ നേരിട്ട് പങ്കുള്ള ആളുകൾ പിടിയിലായി. ലഖ്‌നൗവിൽ നിന്ന് ഡോക്ടർ ഷഹീൻ ഷാഹിദ് പിടിയിലായി. അവർ ആസൂത്രണം ചെയ്തത് ജെയ്ഷിൻ്റെ പുതിയ വനിതാ വിഭാഗം രൂപീകരിക്കുക എന്നതായിരുന്നു. ഭീകരത ഡോക്ടർമാരുടെ വെള്ളകൊട്ടിലും ഒളിച്ചിരിക്കുന്നുണ്ടെങ്കിൽ പോലും, അതിനെ കണ്ടെത്തി തകർക്കാൻ ഇന്ത്യക്ക് സാധിക്കുമെന്ന് ഈ അറസ്റ്റ് തെളിയിച്ചു. ഒരു വനിത ഡോക്ടർ ഉൾപ്പടെ നാല് ഡോക്ടർമാർ ഇതുവരെ പിടിയിലായിട്ടുണ്ട്.

Also Read : ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗം തലപ്പത്ത് ലഖ്‌നൗ ഡോക്ടർ; മസൂദ് അസ്ഹറിന്റെ കുടുംബവുമായി ബന്ധം

സ്ത്രീകളെ റിക്രൂട്ട് ചെയ്യാനുള്ള പരിശീലന കോഴ്‌സ് ‘ദൗറ-എ-തസ്കിയ’ ഭീകരവാദത്തെ വീടിൻ്റെ അകത്തളങ്ങളിലേക്ക് എത്തിക്കാനുള്ള നീക്കമായിരുന്നു. നേരെ സ്വർഗത്തിലേക്ക് പോകാം എന്ന വാഗ്‌ദാനം ഉയർത്തികാട്ടി മസൂദ് അസർ ആരംഭിച്ച പ്രസ്ഥാനം സുരക്ഷാ ഏജൻസികളുടെ പോലും കണ്ണുവെട്ടിച്ച് ഇന്ത്യയിൽ പ്രവർത്തിച്ചു. പക്ഷേ ചെറിയൊരു സൂചന മാത്രം മതിയായിരുന്നു അന്വേഷണ ഏജൻസികൾക്ക്. ഡൽഹിയിൽ ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തീവ്രവാദികളുടെ താവളങ്ങളിലേക്ക് ഇന്ത്യൻ ഉദ്യോഗസ്ഥർ പാഞ്ഞെത്തി.

ഭീകരവാദത്തിൻ്റെ മുഖം മാറുമ്പോൾ, ഇന്ത്യയുടെ പ്രതിരോധവും മാറും. ഇന്ത്യയുടെ മണ്ണ് ഭീകരവാദികൾക്ക് ഒളിച്ചിരിക്കാനുള്ള ഇടമല്ല. നമ്മുടെ സമാധാനം തകർക്കാൻ ശ്രമിക്കുന്നവർക്ക് വിട്ടുവീഴ്ചയില്ലാത്ത മറുപടി നൽകുമെന്ന കാര്യം ഇന്ത്യ പലയാവർത്തി പ്രവർത്തിയിലൂടെ തെളിയിച്ചതാണ്. തീവ്രവാദത്തിനെതിരെ ഇന്ത്യൻ ജനത ഒന്നിച്ചു നിൽക്കും. വെറുപ്പിന്റെ ആശയങ്ങൾക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടും. മസൂദ് അസർ നേതൃത്വം നൽകുന്ന ജെയ്‌ഷെ മുഹമ്മദിലെ അംഗങ്ങൾക്ക് ഇനി ഉറക്കമില്ലാത്ത രാത്രികളാകും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top