ഇന്ത്യയെ ഭയപ്പെടുത്തി ചാവേർ ഭീഷണി! ആയിരക്കണക്കിന് ചാവേറുകൾ തയ്യാറെന്ന് മസൂദ് അസ്ഹർ

ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിന്റേതെന്ന് കരുതപ്പെടുന്ന ശബ്ദസന്ദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇന്ത്യയിലേക്ക് അയക്കാൻ ആയിരക്കണക്കിന് ചാവേറുകൾ തയ്യാറായി നിൽക്കുകയാണെന്നാണ് ഇയാൾ ഇതിൽ അവകാശപ്പെടുന്നത്.
നൂറോ ആയിരമോ അല്ല, അതിലും കൂടുതൽ ആളുകൾ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് മസൂദ് അസ്ഹർ പുറത്തുവന്ന ശബ്ദസന്ദേശത്തിൽ അവകാശപ്പെടുന്നത്. ശരിക്കുള്ള എണ്ണം പറഞ്ഞാൽ നാളെ ലോക മാധ്യമങ്ങളിൽ അത് വലിയ വാർത്തയാക്കും എന്നും പറയുന്നുണ്ട്.
ജനുവരി 8ന് ഡൽഹിയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഭീഷണി പുറത്തുവരുന്നത്. ഡൽഹി സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
2001ലെ പാർലമെന്റ് ആക്രമണം, 2008ലെ മുംബൈ ഭീകരാക്രമണം എന്നിവയുടെ മുഖ്യസൂത്രധാരനാണ് ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ച മസൂദ് അസ്ഹർ. 2019 മുതൽ ഇയാൾ പരസ്യമായി രംഗത്തെത്തിയിട്ടില്ല. ബഹാവൽപ്പൂരിലെ ജെയ്ഷെ ആസ്ഥാനത്തിന് നേരെ നേരത്തെ ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയിരുന്നു. അതിൽ മസൂദ് അസ്ഹറിന്റെ അടുത്ത ബന്ധുക്കളും കൊല്ലപ്പെട്ടിരുന്നു. ഇതിനുള്ള പ്രതികാരമായാണ് പുതിയ ഭീഷണി എന്നാണ് വിവരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here