‘രാഷ്ട്രീയ പോരാട്ടം നടത്തേണ്ടത് കോടതിയിലല്ല’; മാസപ്പടി കേസുമായി എത്തിയ മാത്യു കുഴല്‍നാടനെ ഓടിച്ച് സുപ്രീം കോടതി

സിഎംആര്‍എല്ലും മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിയായ എക്‌സലോജികും തമ്മിലുള്ള ഇടപാടില്‍ വിജിലന്‍സ് അന്വേഷണം അവശ്യപ്പെട്ടുള്ള മാത്യു കുഴല്‍നാടൻ്റെ ഹര്‍ജി തള്ളി സുപ്രീം കോടതി. വലിയ വിമര്‍ശനം ഉന്നയിച്ചാണ് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജി തള്ളിയത്. രാഷ്ട്രീയ പോരാട്ടത്തിന് കോടതി വേദി ആക്കരുതെന്നും രാഷ്ട്രീയ പോരാട്ടങ്ങള്‍ നടത്തേണ്ടത് തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് മുന്നിലാണെന്നും ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ് വ്യക്തമാക്കി.
ഇരു കമ്പനികളും തമ്മില്‍ നടന്ന 1.72 കോടി രൂപയുടെ ഇടപാട് മുഖ്യമന്ത്രിക്ക് നല്‍കിയ കൈക്കൂലി ആണ് എന്നായിരുന്നു ഹര്‍ജിയില്‍ മാത്യു കുഴല്‍നാടന്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ഈ പരാമര്‍ശത്തെ തന്നെ സുപ്രീം കോടതി വിമര്‍ശിച്ചു. എങ്ങനെയാണ് ഇത്തരമൊരു ആരോപണ ഉന്നയിച്ചതെന്ന വ്യക്തമാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. സംശയം മാത്രമാണ് മാത്യുവിന്റെ പരാതിയില്‍ ഉള്ളതെന്നും സുപ്രീം കോടതി വിലയിരുത്തി. നേരത്തെ ഇതേ ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് എതിരെയാണ് മാത്യു കുഴല്‍നാടന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
സാങ്കേതിക കാരണങ്ങളാലാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയതെന്ന് മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു. രാഷ്ട്രീയമായും നിയമപരമായും മുന്നോട്ടു പോകും. സൈബര്‍ അതിക്രമം നടത്തി പിന്തിരിപ്പിക്കാനാവില്ല. മുഖ്യമന്ത്രിക്ക് ജനങ്ങള്‍ക്ക് മുന്നില്‍ മറുപടി പറയേണ്ടി വരുമെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here