മറ്റത്തൂരില്‍ കോണ്‍ഗ്രസിന് ആശ്വാസം; കൈപ്പത്തി ചിഹ്നത്തില്‍ ജയിച്ച വൈസ് പ്രസിഡന്റ് നൂര്‍ജഹാന്‍ രാജിവെച്ചു

മറ്റത്തൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ സമവായം. റോജി ജോണ്‍ എംഎല്‍എയുടെ മേല്‍നോട്ടത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് കോണ്‍ഗ്രസിന് ആകെ ആശ്വാസമുണ്ടായ സമവായം ഉണ്ടായിരിക്കുന്നത്. കൈപ്പത്തി ചിഹ്നത്തില്‍ വിജയിച്ച വൈസ് പ്രസിഡന്റ് രാജിവച്ചു. ബിജെപി പിന്തുണയേടെയാണ് മറ്റത്തൂര്‍ പഞ്ചായത്ത് ഭരണം കോണ്‍ഗ്രസ് പിടിച്ചെടുത്തത്.
ബിജെപിയുമായി കൂട്ടുക്കെട്ടുണ്ടാക്കിയത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ രാജിവയ്ക്കണമെന്ന് കെപിസിസി കര്‍ശന നിര്‍ദേശം നല്‍കി. എന്നാല്‍ വിമതര്‍ ഇത് പൂര്‍ണമായി അംഗീകരിച്ചില്ല. വൈസ് പ്രസിന്റ് നൂര്‍ജഹാന്‍ മാത്രം സ്ഥാനം രാജിവെച്ചു. പ്രസിഡന്റ സ്വതന്ത്രയായി ജയിച്ചയാളാണെന്നാണ് വിമര്‍തരുടെ നിലപാട്.
വിമതപക്ഷത്തിന് നേതൃത്വം നല്‍കുന്നത് മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി ടി.എം. ചന്ദ്രനാണ്. കെപിസിസിക്കു മുന്‍പില്‍ ചില ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അതൊന്നും പൂര്‍ണമായും പരിഗണിച്ചിട്ടില്ല. അതില്‍ തീരുമാനം വന്ന ശേഷം പ്രസിഡന്റിനെതിരേ അവിശ്വാസം വന്നാല്‍ ആരെ പിന്തുണയ്ക്കും എന്ന് പ്രഖ്യാപിക്കും എന്നും ചന്ദ്രന്‍ പറഞ്ഞു.
കൈപ്പത്തി ചിഹ്നത്തില്‍ ജയിച്ച 8 കോണ്‍ഗ്രസ് അംഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്നു കൂട്ടരാജിവച്ചാണ് ബിജെപിക്കൊപ്പം ചേര്‍ന്ന് പഞ്ചായത്ത് ഭരണം പിടിച്ചത്. കോണ്‍ഗ്രസ് വിമതയായി ജയിച്ച ടെസി ജോസിന് ബിജെപിയിലെ 3 അംഗങ്ങള്‍ വോട്ട് ചെയ്തു. ബിജെപിയിലെ നാലാമത്തെ അംഗത്തിന്റെ വോട്ട് അസാധുവായി. മറ്റൊരു കോണ്‍ഗ്രസ് വിമതന്‍ കെ.ആര്‍. ഔസേപ്പിനെ പ്രസിഡന്റാക്കി ഭരണം പിടിക്കാന്‍ ശ്രമിച്ച എല്‍ഡിഎഫിന്റെ നീക്കം മുന്നില്‍കണ്ടായിരുന്നു കോണ്‍ഗ്രസ് അംഗങ്ങളും ബിജെപിയും അപ്രതീക്ഷിത നീക്കം നടത്തിയത്. എന്നാല്‍ ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി എന്ന വലിയ പ്രചരണം നടന്നു. ഇതോടെയാണ് രാജിവയ്ക്കാന്‍ കെപിസിസി ആവശ്യപ്പെട്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here