ഏകദിന ക്രിക്കറ്റിന് കുരുക്കിടാന്‍ എംസിസി; ഇനി ടി20 കളുടെ കാലം

ഏകദിന ക്രിക്കറ്റ് ഘട്ടംഘട്ടമായി കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ക്രിക്കറ്റിലെ നിയമ നിർമാതാക്കളായ മാർലിബൻ ക്രിക്കറ്റ് ക്ലബ്ബ് (എംസിസി). 2027ലെ ഏകദിന ലോകകപ്പിനുശേഷം ഏകദിന മത്സരങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് എംസിസി നിർദേശിച്ചു. അടുത്തിടെ ഇംഗ്ലണ്ടിലെ ലോർഡ്സിൽ നടന്ന എംസിസിയുടെ 13 അംഗ ലോക ക്രിക്കറ്റ് കമ്മിറ്റി (ഡബ്ല്യുസിസി) യോഗത്തിലാണ് തീരുമാനം.

ഓരോ ലോകകപ്പിനും തൊട്ടു മുൻപുള്ള വർഷങ്ങളിൽ ഒഴികെ  ദ്വിരാഷ്ട്ര പരമ്പരകൾ ഒഴിവാക്കണമെന്ന് എംസിസി നിർദേശിച്ചു. ലോകമെമ്പാടും ട്വന്റി20 ആഭ്യന്തര ഫ്രാഞ്ചൈസി ലീഗുകൾ വർധിച്ചതു കണക്കിലെടുത്താണ് പാനലിന്റെ നിർദേശം. ഏകദിന ക്രിക്കറ്റ് കുറയ്ക്കുന്നതിലൂടെ ക്രിക്കറ്റിന്റെ നിലവാരം വർധിപ്പിക്കാമെന്നാണ് വിലയിരുത്തൽ.

പല രാജ്യങ്ങളിലും പുരുഷന്മാരുടെ ടെസ്റ്റ് ക്രിക്കറ്റിന് ആതിഥേയത്വം വഹിക്കുന്നത് താങ്ങാനാകുന്നില്ലെന്ന് പരാതിയുണ്ട്. ടെസ്റ്റ് മത്സരങ്ങൾ നടത്തുന്നതിന് അംഗരാജ്യങ്ങൾക്കുള്ള ചെലവിനെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. ഇതിനാൽ ഇതു സംബന്ധിച്ച് വ്യക്തത ലഭിക്കുന്നതിന് ഒരു ടെസ്റ്റ് മാച്ച് ഫിനാൻഷ്യൽ ഓഡിറ്റ് നടത്താൻ ഐസിസിക്കു നിർദേശം നൽകിയതായും എംസിസി വെബ്സെെറ്റില്‍ പങ്കുവച്ച പ്രസ്താവനയില്‍ പറയുന്നു.

അതേസമയം ടെസ്റ്റ് ക്രിക്കറ്റും വനിതാ ക്രിക്കറ്റും സജീവമായി നിലനിർത്തുന്നതിന് കൂടുതൽ ധനസഹായം നൽകണമെന്നും നിർദേശമുണ്ട്. പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകളിൽ ഒരു പോലെ നിക്ഷേപം നടത്തുന്ന രാജ്യങ്ങൾക്കും ദേശീയ വനിതാ ടീം ഉള്ള രാജ്യങ്ങൾക്കും മാത്രമേ ഐസിസിയിൽ ഫുൾ മെംബർഷിപ്പ് നൽകാനാകൂ എന്നും എംസിസി നിർദേശിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top