പോക്‌സോ കേസില്‍ നിന്ന് ഗോകുലേന്ദ്രനെ സംരക്ഷിച്ച പുകസ; ഈ സ്ത്രീലമ്പടനെ മുഖ്യമന്ത്രിക്ക് ഓര്‍മയുണ്ടോ?

കോണ്‍ഗ്രസില്‍ മൊത്തം സ്ത്രീലമ്പടന്മാരാണെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ ഭരണത്തിന്‍ കീഴില്‍ പാര്‍ട്ടി സഖാക്കളെക്കുറിച്ച് വന്ന പരാതികളില്‍ മാതൃകാപരമായി എന്തെങ്കിലും നടപടി എടുത്ത ചരിത്രമുണ്ടോ? ഇല്ലാ എന്ന് ഒറ്റ വാക്കില്‍ മറുപടി പറയാം. 14 കാരിയായ പെണ്‍കുട്ടി തന്നെ ലൈംഗികമായി പീഡിപ്പിപ്പിച്ച പുകസ നേതാവ് ഗോകുലേന്ദ്രനെ കുറിച്ച് സോഷ്യല്‍ മീഡിയായില്‍ തുറന്നെഴുതിയിട്ട് ഈ മുഖ്യമന്ത്രിയോ ,പാര്‍ട്ടിയോ അയാള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. അയാളിപ്പോഴും പുരോഗമന കലാസാഹിത്യ സമിതി (പുകസ) സെക്രട്ടറിയായി തുടരുകയാണ്. പ്രായപൂര്‍ത്തിയാകാത്ത കാലത്ത് പുകസ വേദിയില്‍ കവിത അവതരിപ്പിക്കാന്‍ പോയപ്പോള്‍ അച്ഛന്റെ പ്രായമുള്ള ഗോകുലേന്ദ്രനില്‍ നിന്നും ലൈംഗിക അതിക്രമം നേരിട്ടു എന്നാണ് യുവസാഹിത്യകാരിയായ പെണ്‍കുട്ടി ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചത്.
2021 ഫെബ്രുവരി 25നാണ് പെണ്‍കുട്ടി ഗോകുലേന്ദ്രനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി രംഗത്തുവന്നത്. ഒന്നുമാകാതെ പോകുമ്പോള്‍ അതിന്റെ കാരണം ഓര്‍ത്ത് കരയാറുണ്ട് എന്ന് ഏറെ വൈകാരികമായി പറഞ്ഞാണ് പതിനാലാം വയസിലുണ്ടായ മോശം അനുഭവത്തെ കുറിച്ച് പെണ്‍കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചത്. 2008ല്‍ കവിതാ സമാഹാരം പുറത്തിറങ്ങുമ്പോള്‍ പുകസയുടെ ക്യാംപുകളില്‍ സജീവമായി പങ്കെടുത്തിരുന്നു. ക്യാംപുകളില്‍ സ്ഥിരം വരുന്ന ചേച്ചിമാരും ചേട്ടന്മാരും….. ഓരോ ക്യാംപിനും വേണ്ടി ഞാന്‍ കാത്തിരിക്കുമായിരുന്നു… കവിത ചൊല്ലാന്‍ രണ്ട് വാക്ക് സംസാരിക്കാന്‍… എന്നാല്‍ പെട്ടെന്നാണ് ആ വേദികളില്‍ നിന്നും മാറി നിന്നത്. പലരും അതിനെ അഹങ്കാരമായി കണ്ടു. എന്നാല്‍ ഒരു കൊച്ചു കുട്ടി എന്തുകൊണ്ട് വേദികളെ ഭയക്കുന്നുവെന്ന് ആരും ചോദിച്ചില്ല. അതിന്റെ കാരണക്കാരന്റെ പേര് പറയുമ്പോള്‍ അറപ്പാണ്, അതിനേക്കാളുപരി ഭയവുമാണ്. ഗോകുലേന്ദ്രനില്‍ നിന്നുണ്ടായ മൂന്ന് മോശം അനുഭവങ്ങളാണ് പെണ്‍കുട്ടി പങ്കുവച്ചത്. ഈ പോസ്റ്റ് വന്ന കാലത്ത് ഗോകുലേന്ദ്രന്‍ പുകസയുടെ വൈസ് പ്രസിഡന്റായിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന സമ്മേളനത്തില്‍ വെച്ച് അയാളെ സെക്രട്ടറിയായി അവരോധിച്ചു. പുരോഗമന സാഹിത്യ പ്രതിഭകളും സ്ത്രീ സംരക്ഷണവാദികളും ഉള്‍പ്പെടുന്നവരാണ് ഈ വേട്ടക്കാരനെ സംരക്ഷിച്ചു നിര്‍ത്തിയിരിക്കുന്നത്.
പെണ്‍കുട്ടിയുടെ പരാതിയില്‍ തട്ടിക്കൂട്ട് സമിതി ഉണ്ടാക്കി ഗോകുലേന്ദ്രനെ പുകസ നേതൃത്വം കുറ്റവിമുക്തനാക്കി. നടപടിയുമായി മുന്നോട്ടു പോകേണ്ടതില്ലാ എന്നാണ് അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്നാണ് നടപടി ഒഴിവാക്കിയത് എന്നാണ് പുകസ സംഘടനാ സെക്രട്ടറി എം.കെ.മനോഹരന്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന വാര്‍ത്ത പുറത്തുവന്നിട്ടും മുഖ്യമന്ത്രിയുടെ ഓഫീസ് കാര്യമായ ഇടപെടല്‍ ഒന്നും നടത്തിയില്ല.
ഏറ്റവും ഒടുവില്‍ മുന്‍ എംഎല്‍എ പിടി കുഞ്ഞുമുഹമ്മദിനെതിരെ ചലച്ചിത്ര സംവിധായിക നല്‍കിയ പരാതിയില്‍ 13 ദിവസം കഴിഞ്ഞാണ് പോലീസ് കേസെടുത്തത്. പാര്‍ട്ടി സഖാക്കള്‍ പീഡനക്കേസില്‍ പ്രതിസ്ഥാനത്തു വന്നാല്‍ പോലീസും ആഭ്യന്തര വകുപ്പും ഒച്ചിഴയുന്ന വേഗത്തിലാണ് പോകുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here