ശമ്പള വര്‍ദ്ധന വേണം; മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ സമരത്തില്‍; ഒപിയിലേക്ക് പോകുന്ന രോഗികള്‍ ശ്രദ്ധിക്കുക

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിറ്റിഎ ഇന്ന് ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധത്തില്‍. ശമ്പള വര്‍ദ്ധനവ് ഉള്‍പ്പെടയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്. ജൂനിയര്‍ ഡോക്ടര്‍മാരുടെയും പിജി ഡോക്ടര്‍മാരുടെയും സേവനം മെഡിക്കല്‍ കോളേജുകളില്‍ ഉണ്ടായിരിക്കും.
ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, രോഗികള്‍ക്ക് ആനുപാതികമായ ഡോക്ടര്‍മാരെ നിയമിക്കുക, അശാസ്ത്രീയമായ സ്ഥലംമാറ്റം തടയുക തുടങ്ങിയവയാണ് പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍. പല തവണ ഉന്നയിച്ചിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല തീരുമാനം ഉണ്ടാകാത്തതിനാലാണ് സമരമെന്ന് കെജിഎംസിറ്റിഎ വ്യക്തമാക്കി.
ഇന്ന് നടത്തുന്നത് സൂചന സമരം മാത്രമാണ് എന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 28 മുതല്‍ റിലേ അടിസ്ഥാനത്തില്‍ സമരം നടത്തുമെന്നും കെജിഎംസിറ്റിഎ പ്രഖ്യാപിച്ചു. ഒപി മുടങ്ങിയതോടെ മെഡിക്കല്‍ കോളേജില്‍ എത്തുന്ന ആയിരക്കണക്കിന് രോഗികളാണ് ദുരിതത്തിലായിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here