അമ്മയുടെ തടവറയിൽ പിറന്ന കുഞ്ഞ്! പേര് ‘രാധ’; ഡിഎൻഎ പരിശോധന ആവശ്യപ്പെട്ട് ബന്ധുക്കൾ

മീററ്റിൽ നടന്ന സൗരഭ് രാജ്പുതിന്റെ കൊലപാതകം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഭർത്താവിനെ കൊന്ന് മൃതദേഹം നീല ഡ്രമ്മിൽ ഒളിപ്പിച്ച കേസിൽ മീററ്റ് ജയിലിൽ കഴിയുകയാണ് പ്രതിയായ ഭാര്യ മുസ്കാൻ. യുവതിക്ക് നവംബർ 24നാണ് പെൺകുഞ്ഞ് പിറന്നത്. ഇപ്പോൾ ആ കുഞ്ഞിന് പേര് നൽകി. ‘രാധ’ എന്നാണ് പേരിട്ടത്. എന്നാൽ, കുഞ്ഞിൻ്റെ ഡിഎൻഎ പരിശോധന ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ രംഗത്തെത്തി.

പ്രസവശേഷം മുസ്കാനെ ഇന്ന് തിരികെ ജില്ലാ ജയിലിലേക്ക് അയക്കുമെന്ന് ലാലാ ലജ്പത് റായ് മെമ്മോറിയൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ ഷഗുൺ അറിയിച്ചു. കുഞ്ഞിന് ആറ് വയസ്സ് വരെ അമ്മയോടൊപ്പം വനിതാ ബാരക്കിൽ കഴിയാം. വേണ്ട വസ്ത്രങ്ങളും പോഷകാഹാരവും ചികിത്സാ സൗകര്യങ്ങളും ജയിൽ അധികൃതർ നൽകും.

സൗരഭിൻ്റെ സഹോദരൻ രാഹുൽ മുമ്പും ഡിഎൻഎ പരിശോധന ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ വീണ്ടും കോടതിയിൽ അപേക്ഷ നൽകാനാണ് രാഹുലിൻ്റെ തീരുമാനം. മുസ്കാനും കാമുകൻ സാഹിൽ ശുക്ലയും ചേർന്നാണ് സൗരഭിനെ കൊലപ്പെടുത്തി മൃതദേഹം സിമൻ്റ് നിറച്ച നീല ഡ്രമ്മിൽ ഒളിപ്പിച്ചതെന്ന് രാഹുൽ ആരോപിച്ചു.

മുസ്കാനോടൊപ്പമുള്ള മൂത്തമകളും നവജാതശിശുവും, തൻ്റെ സഹോദരൻ്റെ കുട്ടികളാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ തെളിയിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. സഹോദരന്റെ കുട്ടികളാണെങ്കിൽ അവരുടെ എല്ലാ ഉത്തരവാദിത്വവും കുടുംബം ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. അല്ലാത്തപക്ഷം മുസ്കാനുമായോ കുഞ്ഞുങ്ങളുമായോ ഒരു ബന്ധവും ഉണ്ടാകില്ലെന്നും രാഹുൽ പറഞ്ഞു. മുസ്കാൻ അതീവ ബുദ്ധിമതിയും അപകടകാരിയുമാണ് എന്നും, കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും രാഹുൽ ആരോപിച്ചു.

സൗരഭിൻ്റെ അമ്മ രേണു രാജ്പുതും ഡിഎൻഎ പരിശോധനയെ പിന്തുണച്ചു. കുഞ്ഞ് സൗരഭിൻ്റേതാണെന്ന് സ്ഥിരീകരിച്ചാൽ മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നു പറഞ്ഞു. എന്നാൽ, സൗരഭിൻ്റെ പിറന്നാൾ ദിനത്തിൽ തന്നെ പ്രസവം ആസൂത്രണം ചെയ്തു എന്ന ആരോപണം ആശുപത്രി അധികൃതർ തള്ളി. പ്രസവസമയം സ്വാഭാവികമായിരുന്നു എന്നും ഇത് ആസൂത്രണം ചെയ്യാൻ കഴിയില്ല എന്നും അധികൃതർ വ്യക്തമാക്കി. ആൺകുഞ്ഞായിരുന്നെങ്കിൽ ‘കൃഷ്ണ’ എന്ന് പേരിടാനായിരുന്നു മുസ്കാൻ്റെ തീരുമാനമെന്ന് ജയിൽ അധികൃതർ പറഞ്ഞു.

മാർച്ച് 4ന് രാത്രി മീററ്റിലെ ഇന്ദിരാനഗറിലുള്ള വീട്ടിലാണ് സൗരഭ് രാജ്പുതിൻ്റെ കൊലപാതകം നടന്നത്. മുസ്കാനും സാഹിലും ചേർന്ന് സൗരഭിന് മയക്കുമരുന്ന് നൽകിയ ശേഷം കുത്തിക്കൊലപ്പെടുത്തുകയും, ശേഷം മൃതദേഹം കഷണങ്ങളാക്കി സിമൻ്റ് നിറച്ച നീല ഡ്രമ്മിൽ ഒളിപ്പിക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം ഇരുവരും ഹിമാചൽ പ്രദേശിലേക്ക് കടന്നു. 2023 നവംബർ മുതൽ മുസ്കാൻ കൊലപാതകം ആസൂത്രണം ചെയ്തിരുന്നു എന്നും, സൗരഭ് തങ്ങളുടെ ബന്ധത്തിന് തടസ്സമായതാണ് കൊലപാതക കാരണം എന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top