ഹണിമൂണ്‍ കൊലപാതകം ബിഗ് സ്‌ക്രീനില്‍; ജനങ്ങള്‍ അറിയട്ടേ എന്ന് കുടുംബം; വില്ലത്തി സോനം തന്നെ

രാജ്യത്താകെ ചര്‍ച്ചയായ ഹണിമൂണ്‍ കൊലപാതകം സിനിമയാകുന്നു. രാജാ രഘുവംശി എന്ന യുവാവിനെ ഭാര്യയും കാമുകനും ഹണിമൂണിനിടെ ഗുണ്ടകളെ ഉപയോഗിച്ച് കൊല ചെയ്ത സംഭവമാണ് സിനിമയാകുന്നത്. മേഘാലയ ഹണിമൂണ്‍ കൊലപാതകം എന്ന പേരില്‍ അറിയപ്പെടുന്ന സംഭവത്തിലെ ചതിയും വഞ്ചനയും ക്രൂരതയും അതുപോലെ ചിത്രീകരിക്കാനാണ് ശ്രമം. വിവാഹം കഴിഞ്ഞ് പന്ത്രണ്ടാം ദിവസമാണ് രാജാ രഘുവംശി കൊല്ലപ്പെട്ടത്.

ഹണിമൂണ്‍ ഇന്‍ ഷില്ലോങ് എന്നാണ് ചിത്രത്തിന് ഇപ്പോള്‍ നല്‍കിയിരിക്കുന്ന പേര്. സംവിധായകന്‍ എസ്. പി നിംബാവത്തിന് സിനിമ നിര്‍മ്മിക്കാന്‍ രാജാ രഘുവംശിയുടെ കുടുംബം സമ്മതം നല്‍കി. ആരാണ് ശരി, ആരാണ് തെറ്റ് എന്ന് ജനങ്ങള്‍ അറിയണം. അതിനാണ് സിനിമ ഒരുക്കാന്‍ അനുമതി നല്‍കിയത്. ഇതിലൂടെ സംശയം പ്രകടിപ്പിക്കുന്നവര്‍ക്കുളള എല്ലാ ഉത്തരവും ലഭിക്കുമെന്ന് രാജയുടെ സഹോദരന്‍മാരായ സച്ചിന്‍, വിപിന്‍ എന്നിവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വഞ്ചനകള്‍ തുറന്ന് കാണിക്കാനും ജനങ്ങള്‍ക്ക് ഒരു സന്ദേശം നല്‍കാനുമാണ് ആഗ്രഹിക്കുന്നുവെന്ന് സംവിധായകന്‍ നിംബാവത് പ്രതികരിച്ചിട്ടുണ്ട്.

മെയ് മാസത്തിലാണ് രാജ്യത്ത് തന്നെ ചര്‍ച്ചയായ ക്രൂരകൊലപാതകം നടന്നത്. മേയ് 11നായിരുന്നു രാജാ രഘുവംശിയും സോനവും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് മുമ്പ് തന്നെ സോനത്തിന്റെ കുടുബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ജീവനക്കാരനായ രാജ് കുശ്വാഹയുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ് വീട്ടുകാര്‍ നിര്‍ബന്ധിച്ചാണ് സോനത്തിൻ്റെ വിവാഹം നടത്തിയത്

വിവാഹ ശേഷം മേയ് 20-ന് ദമ്പതികള്‍ മേഘാലയയിലേക്ക് ഹണിമൂണിനായി പോയി. ഭര്‍ത്താവിനെ കൊല്ലാനുള്ള ഉറച്ച തീരുമാനം എടുത്താണ് സോനം ഹണിമൂണിന് പുറപ്പെട്ടത്. മൂന്നാം ദിവസം ഇരുവരെയും കാണാതായി. വലിയ അന്വേഷണത്തിന് ഒടുവില്‍ രാജാ രഘുവംശിയുടെ മൃതദേഹം ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയിലെ സോഹ്‌റയ്ക്ക് സമീപമുള്ള വെള്ളച്ചാട്ടത്തിനടുത്തുള്ള കൊക്കയില്‍ നിന്ന് കണ്ടെത്തി. പിന്നീട് സോനത്തിനായി നടത്തിയ അന്വേഷണത്തിലാണ് ക്രൂര കൊലപാതകം വ്യക്തമായത്.

20 ലക്ഷം രൂപ നല്‍കി മൂന്ന് വാടക കൊലയാളികളെയാണ് സോനവും കാമുകനും കൊലപാതകത്തിന് ഏര്‍പ്പാടാക്കിയത്. കൊലയാളികള്‍ക്ക് ലൈവ് ലൊക്കേഷന്‍ സോനം തന്നെ അയച്ചു കൊടുത്തു കൊണ്ടിരുന്നു. നിരവധി ശ്രമങ്ങള്‍ക്ക് ശേഷമാണ് കൊല നടത്താനായത്. മല കയറുന്നതിനിടെ അവശത അഭിനയിച്ച് സോനം പിന്നിലേക്ക് മാറുകയും കൊലയാളികള്‍ എത്തി യുവാവിനെ കൊല്ലുകയുമായിരുന്നു. തുടര്‍ന്ന് സോനം കൂടി ചേര്‍ന്നാണ് മൃതദേഹം കൊക്കയില്‍ എറിഞ്ഞത്. ഭര്‍ത്താവിന്റെ ഫോണും നശിപ്പിച്ച ശേഷമാണ് അവിടെ നിന്നും രക്ഷപ്പെട്ടത്.

ഇന്‍ഡോറിലെത്തി കാമുകനെ കണ്ട ശേഷം യുപിയിലേക്കാണ് സോനം പോയത്. തന്നെ തട്ടിക്കൊണ്ടുപോയി എന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് സോനം നടത്തിയത്. എന്നാല്‍ ജൂണ്‍ 9-ന് പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരില്‍നിന്ന് സോനത്തെ പോലീസ് അറസ്റ്റ് ചെയ്തു. നിലവില്‍ ജയിലിലാണ് സോനവും കാമുകനും വാകകൊലയാളികളും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top