ആർത്തവരക്തം മുഖത്തുതേച്ച് ‘മെൻസ്ട്ര്വൽ മാസ്ക്കിങ്’ ഫേഷ്യൽ; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ

നിങ്ങൾ പുതിയ സ്കിൻകെയർ ട്രെൻഡുകൾ ശ്രദ്ധിക്കാറുണ്ടോ? മുഖം തിളങ്ങാൻ പുതിയ വഴികൾ തേടുന്നവരാണോ നിങ്ങൾ? എങ്കിൽ ഒരു നിമിഷം! ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാവുന്ന, ഞെട്ടിപ്പിക്കുന്ന ഒരു ബ്യൂട്ടി ട്രെൻഡിനെക്കുറിച്ചാണ് നമ്മൾ സംസാരിക്കാൻ പോകുന്നത്. മെൻസ്ട്ര്വൽ ഫേഷ്യൽ.
പേര് കേട്ട് ഞെട്ടിയോ? സ്വന്തം ആർത്തവരക്തം മുഖത്ത് തേച്ച് പിടിപ്പിച്ച്, ചർമ്മത്തിന് തിളക്കം നേടാമെന്ന് അവകാശപ്പെടുന്ന ഈ വിചിത്രമായ രീതി ഇപ്പോൾ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നത്. എവിടെ നിന്നാണ് ഈ ആശയം വന്നത്? ഇത് സുരക്ഷിതമാണോ? ശാസ്ത്രീയപരമായ എന്തെങ്കിലും പിൻബലമുണ്ടോ? നമുക്ക് നോക്കാം.
ഈ ട്രെൻഡിനെ പിന്തുണയ്ക്കുന്നവർ മുന്നോട്ട് വയ്ക്കുന്ന ചില വാദങ്ങളുണ്ട്. ആർത്തവരക്തത്തിൽ സ്റ്റെം സെല്ലുകൾ (Stem Cells), സൈറ്റോകിനുകൾ (Cytokines), പ്രോട്ടീനുകൾ (Proteins) എന്നിവ അടങ്ങിയിട്ടുണ്ടെന്നും ഇത് ചർമ്മത്തെ പുനരുജ്ജീവിപ്പിക്കാനും തിളക്കം വർദ്ധിപ്പിക്കാനും സഹായിക്കുമെന്നും അവർ പറയുന്നു. ഇത് ചർമ്മത്തെ റിപ്പയർ ചെയ്യാനും, കൊളാജൻ ഉത്പാദനം കൂട്ടാനും സഹായിക്കുമെന്നാണ് അവരുടെ വിശ്വാസം. ചില പഠനങ്ങളിൽ മുറിവുകളിൽ പീരിയഡ് പ്ലാസ്മ ഉപയോഗിച്ചപ്പോൾ 24 മണിക്കൂറിനുള്ളിൽ മുറിവുകൾ ഭേദമായതായും സാധാരണ പ്ലാസ്മയേക്കാൾ ഫലപ്രദമാണെന്നുമൊക്കെ ഇക്കൂട്ടർ പറയുന്നു.
Also Read : മാസവും ബോട്ടോക്സ് കുത്തിവെപ്പുകൾ; ഷെഫാലി ജരിവാല സൗന്ദര്യത്തിനു വേണ്ടി ജീവൻ കളഞ്ഞോ?
മെൻസ്ട്ര്വൽ ഫേഷ്യൽ പിന്തുടരുന്നവർ ഇതിനെ വാമ്പയർ ഫേഷ്യൽ (Vampire Facial) എന്നറിയപ്പെടുന്ന പി.ആർ.പി (Platelet-Rich Plasma) ചികിത്സയുമായാണ് താരതമ്യം ചെയ്യുന്നത്. എന്താണ് പി.ആർ.പി ഫേഷ്യൽ? നിങ്ങളുടെ സ്വന്തം രക്തം എടുത്ത് അതിലെ പ്ലേറ്റ്‌ലെറ്റുകൾ വേർതിരിച്ച്, അവയെ മുഖത്തേക്ക് കുത്തിവെക്കുന്ന ഒരു ആധുനിക ചികിത്സയാണിത്. ഇത് ചർമ്മം പുനരുജ്ജീവിപ്പിക്കാൻ സഹായിക്കും. പക്ഷേ, ഇത് അണുവിമുക്തമായ സാഹചര്യങ്ങളിൽ, പരിശീലനം ലഭിച്ച ഡോക്ടർമാർ ചെയ്യുന്ന ഒന്നാണ്. എന്നാൽ ആർത്തവരക്തം അങ്ങനെയാണോ? ഒരിക്കലുമല്ല! ആർത്തവരക്തത്തിൽ പലതരം ബാക്ടീരിയകളും, ഫംഗസുകളും അടങ്ങിയിട്ടുണ്ട്. നമ്മുടെ ചർമ്മത്തിൽ കാണുന്ന ചെറിയ മുറിവുകളിലൂടെയോ, സുഷിരങ്ങളിലൂടെയോ ഈ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ ഗുരുതരമായ അണുബാധകൾക്ക് കാരണമാകും.
ഏറ്റവും ഭയാനകമായ കാര്യം, ലൈംഗികമായി പകരുന്ന രോഗാണുക്കളും ആർത്തവരക്തത്തിൽ ഉണ്ടാവാം എന്നതാണ്. ഈ ഫേഷ്യൽ രീതിക്ക് ശാസ്ത്രീയ പഠനങ്ങളോ, അംഗീകൃത ക്ലിനിക്കൽ പ്രോട്ടോക്കോളുകളോ ഇല്ല. സോഷ്യൽ മീഡിയയുടെ സ്വാധീനമാണ് ഇത്തരം ട്രെൻഡുകൾക്ക് പിന്നിൽ. പെട്ടന്നുള്ള റിസൾട്ട്, പ്രകൃതിദത്തമായ പരിഹാരം എന്നീ ആകർഷകമായ വാദങ്ങളിൽ വീണാണ് യുവാക്കൾ അനാരോഗ്യകരമായ ഇത്തരം ട്രെന്റുകൾക്ക് പിന്നാലെ കൂടുന്നത്. നമ്മുടെ ചർമ്മം വളരെ സെൻസിറ്റീവ് ആണ്. അത് പരീക്ഷണങ്ങൾ നടത്തനുള്ള ഒന്നല്ല. സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ എപ്പോഴും ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ മാത്രം തിരഞ്ഞെടുക്കുക. ഒരു ഡെർമറ്റോളജിസ്റ്റിൻ്റെ ഉപദേശം തേടുന്നത് എപ്പോഴും നല്ലതാണ്. ചർമ്മത്തിന് തിളക്കം നൽകാൻ ആരോഗ്യകരവും ശാസ്ത്രീയവുമായ നിരവധി വഴികളുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here