മെസി വരില്ലെന്ന് ആര് പറഞ്ഞു; റിപ്പോര്‍ട്ടറിനെ ആരും കുറച്ചു കാണണ്ട; വിവാദങ്ങള്‍ ചാനലുകളുടെ കൊതിക്കെറുവെന്ന് ആന്റോ അഗസ്റ്റിന്‍

അര്‍ജന്റീനിയന്‍ ഫുടുബോള്‍ ടീമിന്റെ കേരളത്തിലേക്കുള്ള വരവിലെ അനിശ്ചിതത്വം മാധ്യമസൃഷ്ടി മാത്രമാണെന്ന് പ്രധാന സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ചാനല്‍. അര്‍ജീന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള കരാര്‍ പ്രകാരമുള്ള പണം ജൂണ്‍ ആറിന് തന്നെ നല്‍കിയിരുന്നതായി റിപ്പോര്‍ട്ടര്‍ എംഡി ആന്റോ അഗസ്റ്റിന്‍ പറഞ്ഞു. 12ന് പണം ലഭിച്ചതായി അവരുടെ മെയില്‍ അയക്കുകയും ചെയ്തു. ഈ വര്‍ഷം ഒക്ടോബറില്‍ കേരളത്തില്‍ എത്താം എന്നായിരുന്നു കരാര്‍. എന്നാല്‍ ഇപ്പോള്‍ അത് അടുത്ത വര്‍ഷം സെപ്റ്റബറില്‍ കളിക്കാന്‍ എത്തുന്ന തരത്തില്‍ കരാര്‍ മാറ്റാമോ എന്ന് ചോദിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്നും ആന്റോ വ്യക്തമാക്കി.
പണം വാങ്ങിയ ശേഷം വരില്ലെന്ന് പറയുന്നത് വഞ്ചനയാണ്. ഒരു കോടി ആള്‍ക്കാരെ പങ്കെടുപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ സംഭവമാക്കി മെസിയുടേയും സംഘത്തിന്റേയും വരവ് മാറ്റാനാണ് ശ്രമിച്ചത്. ഓഫീഷ്യലായി ഇതുവരെ ഒരു അറിയിപ്പും ലഭിച്ചില്ല. അതുകഴിഞ്ഞ ശേഷം മെസി വരില്ലെന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചാല്‍ മതി. റിപ്പോര്‍ട്ടറിനെ ആക്രമിക്കാന്‍ ശ്രമിക്കുമ്പോഴും സത്യസന്ധത പാലിക്കണം. മെസി വരില്ലെന്ന് ഔദ്യോഗികമായി പറഞ്ഞാല്‍ റിപ്പോര്‍ട്ടര്‍ തന്റേടത്തോടെ അത് പറയും. അര്‍ജന്റീന ടീം പറയട്ടെ. അതിന് മുമ്പ് മാധ്യമങ്ങള്‍ അങ്ങനെ പറയേണ്ടെന്നും ആന്റോ വ്യക്തമാക്കി.
പണം അയക്കുന്നില്ലെന്ന് പറഞ്ഞ് ചര്‍ച്ചകള്‍ നടത്തി അപമാനിച്ചു. നഷ്ടം മുഴുന്‍ റിപ്പോര്‍ട്ടര്‍ ടിവിക്കാണ്. ഒരു മാധ്യമവും തരില്ല. സര്‍ക്കാരും തരില്ല. ഇപ്പോഴും കാര്യങ്ങള്‍ അറിയാതെ ആക്രമിക്കുകയാണ്. വാര്‍ത്തയുണ്ടാക്കുമ്പോള്‍ ഏകദേശ ധാരണ വേണം. താനും നടത്തുന്നത് മാധ്യമ സ്ഥാപനമാണ്. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ചാനലിന്റെ എഡിറ്ററും എംഡിയുമാണ്. വരില്ലെന്ന് വാര്‍ത്ത കൊടുക്കുന്നവര്‍ മെസിയെ കൊണ്ടു വരണം. അതിന് പണം റിപ്പോര്‍ട്ടര്‍ മുടക്കാം. ഒരു രൂപയും ആരില്‍ നിന്നും കളക്ട് ചെയ്തിട്ടില്ല. സ്വന്തം പണം എടുത്താണ് കൊടുത്തത്. അത് ഇവിടത്തെ ചാനലുകളും വാങ്ങി തരികയും വേണ്ട. അതിനുള്ള വഴി നോക്കാന്‍ അറിയാം. റിപ്പോര്‍ട്ടറെ ആരും കുറച്ച് കാണേണ്ടെന്നും ആന്റോ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here